എന്തിനാണ് നവകേരള യാത്രയും മുഷിയുമ്പോൾ ഫുഡ്ഡും സദസ്സും എന്ന സംശയം അജ്ഞാനികൾക്ക് സ്വാഭാവികം. ഗവർണറും കോടതിയും മൊത്തം സൗരയൂഥങ്ങളുമെല്ലാം അതിൽ പെടും. ഒന്നാം നൂറ്റാണ്ടിൽ വാണിരുന്ന ചന്ദ്രഗുപ്ത വിക്രമാദ്രിത്യനെയും 18 ാം നൂറ്റാണ്ടിൽ തൂത്തുക്കൂടി അടക്കിവാണ കട്ടബൊമ്മനെയും കുറിച്ച് അറിയാത്ത പൈതങ്ങൾ! ടീ വീരന്മാർ വേഷം മാറി ജനങ്ങൾക്കിടയിൽ സഞ്ചരിച്ചിരുന്നു. മറ്റു സി.ഐ.ഡികളെ അത്ര വിശ്വാസം പോരാഞ്ഞിട്ടു തന്നെ. ഇന്ന് ജനാധിപത്യ കാലം. മന്ത്രിമാരെപ്പോലും നമ്പാൻ കൊള്ളില്ല. അതാണ് ഒരൊറ്റ ലക്ഷുറി ബസിൽ എല്ലാവരെയും ഒന്നിച്ചിരുത്തി നവകേരളം പുറപ്പെടാൻ കാരണം. മുഖ്യ സചിവൻ ഗുണ്ടകളെ നിറച്ച രണ്ട് വണ്ടി അകടമ്പടിയുമായി പോകുന്നു. ഖജനാവിലെ പണമാണ് ചെലവഴിക്കുന്നത്. ഒന്നിനും ഒരു കുറവും പാടില്ല. നാട്ടിലെ ഒരു ഗുണ്ടയ്ക്കു പോലും ആക്ഷേപം തോന്നരുത്. തോന്നിയാൽ ഭരണം പാളി എന്നർഥം.
പ്രതിപക്ഷ നേതാവാണ് ആദ്യം ഗുണ്ട സ്‌ക്വാഡ് വിവരം പുറത്തുവിട്ടത്. കോൺഗ്രസുകാർ പോലും ആദ്യം വിശ്വസിച്ചില്ല. അതു കീഴ്‌വഴക്കമാണ്; നേതാവു പറയുന്നതു വിശ്വസിക്കരുത്. പക്ഷേ, പല തല്ലും പീഡനവും കഴിഞ്ഞ് ആലപ്പുഴയിലെത്തിയപ്പോൾ കരിങ്കൊടി കാട്ടിയ ഭീകര പ്രവർത്തനത്തെ ലാത്തി കൊണ്ടു നേരിടുക തന്നെ ചെയ്തു. രോഗി ഇഛച്ചതും വൈദ്യൻ കൽപിച്ചതും 'ലാത്തി' തന്നെ. സതീശനാശാന്റെ 'റേറ്റിംഗ്' ഉയർന്നു. മുഖ്യ സചിവനെ ഏറെ നേരത്തേക്കു പറഞ്ഞ 'പ്രതിപക്ഷ ദേഹത്തിന് പാലിനു പകരം പാൽപായസം തന്നെ കിട്ടി -തദ്ദേശ ഉപതെരഞ്ഞെടുപ്പു ഫലം; 33 ൽ 17 യു.ഡി.എഫ്. ആനന്ദ ലബ്ധിക്കിനി എന്തു വേണം എന്നു ചോദിച്ചാൽ 2026 ലെ തെരഞ്ഞെടുപ്പ് കുറച്ചു നേരത്തേ വേണം എന്നാണുത്തരം. പക്ഷേ,
അതുവരെ മുഖ്യ സചിവൻ ഗവർണറെ സൂക്ഷിക്കണം. എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതം. 1959 ലെ 'പിരിച്ചു വിടൽ' അന്നു ജനിച്ചിട്ടില്ലാത്ത സഖാക്കൾ പോലും ഇന്നും ഓർക്കുന്നു; ക്ലാസ് നടത്തുന്നു, പാർട്ടി സെന്ററുകൾക്കു നന്ദി!
എങ്കിലും 'വളക്കുകയേ ആകാവൂ, ഒടിക്കരുത്' എന്നൊരു ഇ-മെയിൽ സന്ദേശം ആരിഫ് മുഹമ്മദ് ഖാൻജിക്ക് ലഭിച്ചിട്ടുണ്ട് എന്ന രഹസ്യ വാർത്തയാണ് പ്രതീക്ഷ നൽകുന്നത്. കേന്ദ്രവും കേരളവും തമ്മിൽ രഹസ്യ ധാരണയുണ്ട് എന്ന് 'പ്രതിപക്ഷൻ' വിളിച്ചുകൂവുന്നത് ഇ-മെയിൽ ചോർന്നു കിട്ടിയിട്ടാണോ ആവോ! എന്തായാലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കാമ്പസിൽ കടക്കാൻ ഗവർണർക്ക് ഇത്രയധികം രക്ഷാസൈന്യം വേണ്ടിയിരുന്നോ? കാലിക്കറ്റ് എന്താ ഉസ്‌ബെക്കിസ്ഥാനിലാണോ?
**** **** ****
ഒരു തിരക്കഥക്ക്/ രഹസ്യ അജണ്ടക്ക് ഒരു സസ്‌പെൻസ് വേണം. നമ്മുടെ ഗവർണർ എം.ജി.ആർ ചിത്രങ്ങളുടെ ആരാധകനായിരിക്കാം. അദ്ദേഹം സി.ഐ.ഡി 115 നെപ്പോലെ യാത്ര ചെയ്യുന്നു. പെട്ടെന്നു പുറത്തിറങ്ങി 'വാചകമേള'യിൽ ചേർക്കാവുന്ന ഒരു സ്റ്റണ്ട് തട്ടിവിടുന്നു. പിന്നീട് മാധ്യമങ്ങൾ അന്വേഷിച്ചാൽ അദ്ദേഹം യു.പിയിലോ ഗോവയിലോ ആയിരിക്കും. ഖജാൻജി സ്ഥലത്തില്ലെന്ന ധൈര്യത്തോടെ, മുഖ്യ സചിവനും പാർട്ടി സചിവനും ചില ഗീർവാണങ്ങൾ തൊടുക്കുന്നു. അപ്പോഴതാ ശ്ശേടന്നു പൊങ്ങി വരുന്നു ഗവർണറദ്ദേഹം! പക്ഷേ, 'ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയുന്നു' പതിവു പരിപാടി പാളി. പേട്ടയിൽ വെച്ചു എസ്.എഫ്.ഐക്കാർ വാഹനം തടഞ്ഞ് കരി-ചെങ്കൊടികൾ ഒന്നിച്ചു വീശി. ചുകപ്പ് അപായ സൂചനയാകയാൽ ഗവർണർ ചാടിയിറങ്ങി. അതിന്റെ വീഡിയോ കണ്ട് ദില്ലിയിലിരുന്ന് പലരും രസിക്കുന്നുണ്ട്. അതു വേണം. ഏതു പ്രകടനവും രസപ്രദായിനി ആയിരിക്കണം. അല്ലെങ്കിൽ 'ആർട്ട് പടം' പോലെ ആയിപ്പോകും. ഇവിടെ പ്രശ്‌നം മറ്റൊന്നാണ്, ഗവർണറുടെ സഞ്ചാര പാതയുടെ രഹസ്യം പിള്ളേർക്ക് എവിടെ നിന്നു കിട്ടി? ഇത്തരം- പോലീസ് അസോ. നേതാവ് ചോർത്തിക്കൊടുത്തു. അതിനു പിന്നിൽ മുഖ്യ സചിവനാണെന്ന കാര്യത്തിൽ ഗവർണർക്കു സംശയമില്ല. ഇക്കാര്യം സുധാകര ഗുരു, ചെന്നിത്തലയദ്ദേഹം, കെ. സുരേന്ദ്ര ഭക്തൻ എന്നിവർ ഒരേ ഭാഷയിൽ മൊഴിഞ്ഞതോടെ സംശയാതീതമായി സ്ഥീകരിക്കപ്പെട്ടു. ഇവിടെ ഭരണ നേതാക്കൾ ഓർക്കണ്ട ഒരു പഴയ പാഠമുണ്ട്- ലീഡർ കെ. കരുണാകരൻ. അദ്ദേഹത്തിന്റെ പാത ചില അംഗരക്ഷാപ്പോലീസുകാർക്കല്ലാതെ ഒറ്റ കോൺഗ്രസുകാരനുപോലും അറിയില്ലായിരുന്നു!
**** **** ****
പ്രകടനക്കാരുടെ 'ജീവൻ രക്ഷ' ഉറപ്പാക്കുന്ന വിധം മുഖ്യ സചിവൻ കാട്ടിക്കൊടുത്തതോടെ കെ.എസ്.യുക്കാർ നവകേരളത്തിനു നേരെയുള്ള 'ഷൂ ഏറ്' നിർത്തി. എറിഞ്ഞവർ ആയുർവേദ ആശുപത്രികളിൽ തുടുരുന്നു. കേസെടുക്കുമ്പോൾ നിരപരാധികളായ 'ഷൂ കമ്പനി' ക്കാരെ കൂടി പ്രതി ചേർക്കുവാൻ പോലീസ് ആലോചിക്കുന്നതായ വാർത്ത ചോർന്നതോടെയാണ് തീരുമാനം. കമ്പനികളുടെ ആണ്ടുതോറുമുള്ള 'സംഭാവന'കളും മുടങ്ങാതെ നോക്കണമല്ലോ. പക്ഷേ, പ്രകടനങ്ങൾ 'ആന്റി ക്ലൈമാക്‌സി'ലേക്ക് പതിക്കുന്നത് 'നവകേരള' സമാപനത്തെ ബാധിക്കും. അതു കൊഴുപ്പിക്കാനുള്ള പദ്ധതികൾ മുഖ്യ സചിവൻ തന്നെ തീരുമാനിക്കും. സഹമന്ത്രിമാർ ആഹാരം കഴിക്കുമ്പോൾ മാത്രമാണ് വാതുറക്കുന്നത് എന്നൊരു ആക്ഷേപം നിലവിലുണ്ട്. അതേസമയം പ്രതിപക്ഷം കോൺഗ്രസിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ 'കനഗോലു'വിനെ വീണ്ടും സമീപിച്ചുവെന്നും കേരളമെന്നു കേട്ടതോടെ അദ്ദേഹം തിരിഞ്ഞോടി എന്നും കേൾക്കുന്നുണ്ട്.
**** **** ****
അടുത്ത കൊല്ലം പൂർവാധികം ഭംഗിയായി ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തുമെന്ന പ്രഖ്യാപനത്തോടെ സംഗതി പിരിഞ്ഞു. ഇക്കൊല്ലത്തെ 'മാടമ്പി' തന്നെ ആയിരിക്കുമോ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നു പലരും ഭീതിയോടെ അന്വേഷിച്ചതായി അറിയുന്നു. പ്രസ്താവനകളുടെ 'ഉസ്താദ്' ആണദ്ദേഹം. കഴിഞ്ഞ തവണ ഡെലിഗേറ്റുകളെ പട്ടികളോട് ഉപമിച്ചുവെന്ന് ചെയർമാനെതിരെ ഹോമിയോ ഡോക്ടർ കൂടിയായ സംവിധായകൻ ബിജുവിന്റെ ആരോപണമുണ്ട്. പ്രയോഗം 'വിലക്ഷണ'മാണെങ്കിലും അലങ്കാരം ഉപമയാണ്. ആ പ്രാവീണ്യം അംഗീകരിക്കണം. ഇത്തവണ നാവിൽ ഗുണം പൂത്തുലയും മുമ്പേ ഹോമിയോ ഡോക്ടർ രാജിവെച്ചു. കേരള- ഗോവ ഫെസ്റ്റിവലുകൾ മാത്രം കണ്ടിട്ടുള്ള ചെയർമാനെവിടെ? ബിജു എവിടെ? മറ്റുള്ളവർ എവിടെയെന്നറിയില്ല; അവർക്കു പോലും! ഏതായാലും ഫെസ്റ്റിവൽ കഴിഞ്ഞു നേരം വെളുത്തിട്ടും തർക്കം തുടരുന്നു. മോഹൻലാൽ - മമ്മൂട്ടി - സുരേഷ് ഗോപിമാർ - ഏകദേശം അങ്കത്തട്ട് ഒഴിഞ്ഞ കാലമാകയാൽ നല്ലൊരു സ്റ്റണ്ട് കാണാതെ വശം കെട്ടിരിപ്പാണ് സിനിമ പ്രേമികൾ. നല്ല നിരവാരമുള്ള സംഘട്ടനാണ് ഭാരവാഹികളിൽനിന്നു പ്രതിപക്ഷിക്കുന്നത്. സജി ചെറിയാൻ മന്ത്രി ഏതു റോളിലാകും പ്രത്യക്ഷപ്പെടുക? റഫറിയോ; വില്ലനോ? നവകേരളം ഒന്നു കഴിഞ്ഞോട്ടെ; അതുവരെ 'സദസ്സി'ന്റെ ബസിനു മുന്നിലും യൂനിവേഴ്‌സിറ്റി കവാടങ്ങളിലും നടക്കുന്ന പൊരിഞ്ഞ അടി കണ്ടു സമാധാനിക്കുകയേ തരമുള്ളൂ.
**** **** ****
ദേവഗൗഡ പക്ഷം സി.കെ. നാണുവിനെയും നാണു തിരിച്ചങ്ങോട്ടും പുറത്താക്കി. പ്രായാധിക്യം നിമിത്തം ഗുസ്തി അവസാനിപ്പിച്ച് നാണുവാശാൻ കൽപറ്റക്കു വണ്ടി കയറി ശ്രേയംസ്‌കുമാറിനെ കണ്ട് ആർ.ജെ.ഡി എന്നു പേരുള്ള ഒരു പാർട്ടി ലയിച്ചു. കോഴിക്കോട് മുതൽ കോഴിക്കോട് വരെയുള്ള പ്രവർത്തനം മതിയാകും; ആശാന് പ്രായം 86; പാർട്ടിക്ക് അതിനേക്കാൾ പ്രായം തോന്നിക്കും.
**** **** ****