കൊച്ചി - ആ ഓട്ടോ ഡ്രൈവര്‍ക്ക് ദൃക്‌സാക്ഷിയായ ആ മനുഷ്യന്‍ ഇപ്പോള്‍ ദൈവ തുല്യനാണ്. അയാള്‍ ഇല്ലായിരുന്നുവെങ്കില്‍ യുവതി സമര്‍ത്ഥമായി മെനഞ്ഞ പീഡന കഥയില്‍ ഓട്ടോ ഡ്രൈവര്‍ ഇപ്പോള്‍ അഴിയെണ്ണിയേനെ. തന്നെ വൈപ്പിന്‍ വളപ്പ് ബീച്ചില്‍ കൊണ്ടു ചെന്നാക്കിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെയാണ് കലൂരില്‍ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്ന ബംഗാളി യുവതി പീഡന കഥ മെനഞ്ഞത്. ' പീഡന വിവരം ' അറിഞ്ഞ പോലീസ് ഉടന്‍ തന്നെ ഓട്ടോ ഡ്രൈവറെ പൊക്കാന്‍ പുറപ്പെട്ടെങ്കിലും യുവതിയെ ഓട്ടോയില്‍ ബീച്ചില്‍ എത്തിച്ചു യാത്രക്കൂലി വാങ്ങി ഡ്രൈവര്‍ ഉടന്‍ തിരിച്ചുപോകുന്നത് കണ്ട ദൃക്സാക്ഷി പോലീസിന് നല്‍കിയ മൊഴിയാണ് ഓട്ടോ ഡ്രൈവറുടെ രക്ഷകനായത്. ദൃക്‌സാക്ഷി പറഞ്ഞ കാര്യം മുഖവിലെക്കെടുത്ത പോലീസ് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് വ്യാജ പീഡനത്തിന്റെ വിവരം വെളിച്ചത്തു വന്നത്. എന്തിനാണ് യുവതി ഇങ്ങനെ ഒരു കഥ മെനഞ്ഞതെന്ന് അറിയുമ്പോഴാണ് ആരും ഒന്ന് ഞെട്ടുക.
കലൂരിലെ മസാജ് പാര്‍ലറില്‍ ജോലി ചെയ്ത് വരുന്ന പരാതിക്കാരിയായ ബംഗാളി യുവതി മലയാളിയായ ഒരു യുവാവിന്റെ കൂടെയാണ് താമസം. സംഭവ ദിവസം ഇവര്‍ ഈ യുവാവുമായി വഴക്കിട്ട് ഓട്ടോറിക്ഷയില്‍ കയറി ബീച്ചിലേക്ക് എത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. യുവാവ് തന്നെ അന്വേഷിച്ച് ബീച്ചില്‍ എത്തുമെന്നായിരുന്നു യുവതിയുടെ പ്രതീക്ഷ. എന്നാല്‍ ഇയാള്‍ പിന്നാലെ വരാതെയായപ്പോള്‍ യുവതിക്ക് കലി വന്നു. എങ്ങനെയെങ്കിലും ഇയാളെ ബീച്ചിലെത്തിക്കനായി തന്ത്രം മെനയാന്‍ യുവതി തീരുമാനിച്ചു. ഓട്ടോ ഡ്രൈവറും മറ്റ് ചിലരും ചേര്‍ന്ന ബീച്ചില്‍ വച്ച് തന്നെ പീഡിപ്പിക്കുന്നുവെന്ന് യുവതി ഇയാളെ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. ഇത് കേട്ടയുടന്‍ യുവാവ് ബീച്ചിലെത്തുമെന്നായിരുന്നു യുവതി കരുതിയത്. എന്നാല്‍ യുവാവാകട്ടെ സംഭവം കേട്ടയുടന്‍ ബീച്ചിലേക്കെത്താതെ പോലീസില്‍ അറിയിച്ചു. ഉടന്‍ പോലീസ് ഓട്ടോ ഡ്രൈവറെ പിടിക്കനായി പോയി. അതിനിടയിലാണ് ദൃക്‌സാക്ഷിയുടെ മൊഴി ലഭിച്ചത്. രാത്രി മുഴുവന്‍ വൈപ്പിനിലെ വളപ്പ് ബീച്ച് അരിച്ചുപെറുക്കിയ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തായത്. കൃത്യസമയത്ത് രക്ഷകനായി ദൃക്സാക്ഷി എത്തിയില്ലായിരുന്നെങ്കില്‍ യുവാവ് കേസില്‍ അകത്താകുമായിരുന്നു. യുവതിയുടെ അതിബുദ്ധിയാണ് പരാതിയിലേക്കും പോലീസ് അന്വേഷണത്തിലേക്കും നയിച്ചത്. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.