ജക്കാര്‍ത്ത - ഒമ്പതുകാരി അലിഖ നൊവേരിയാണ് ഏഷ്യന്‍ ഗെയിംസിലെ പ്രായം കുറഞ്ഞ താരം. ഐസ്‌ക്രീം മണം മാറാത്ത ഈ പെണ്‍കുട്ടി സെക്‌യ്റ്റ്‌ബോര്‍ഡില്‍ ആതിഥേയരെ പ്രതിനിധീകരിക്കുന്നു. ആവശ്യത്തിന് ഐസ്‌ക്രീം കൊടുത്താല്‍ അലിഖ ഉറപ്പായും സ്വര്‍ണം കൊണ്ടുവരുമെന്നാണ് മാതാവിന്റെ അഭിപ്രായം. ഐസ്‌ക്രീം കഴിഞ്ഞാല്‍ അലിഖക്ക് ഒരേയൊരു ഇഷ്ടമേയുള്ളൂ, സ്‌കെയ്റ്റ്‌ബോര്‍ഡില്‍ മിന്നല്‍വേഗത്തില്‍ പറക്കുക. വെറും നാലടി രണ്ടിഞ്ച് ഉയരമുള്ള അലിഖ രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ സ്‌കെയ്റ്റിംഗ് പരിശീലനം തുടങ്ങിയിട്ട്.
പരിശീലനത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ കൂട്ടുകാര്‍ക്ക് തന്നോട് അസൂയയാണെന്ന് ഒമ്പതുകാരി പറയുന്നു. ഈ വര്‍ഷം സ്‌കെയ്റ്റ്‌ബോര്‍ഡിംഗ് മത്സരം ഏഷ്യാഡില്‍ അരങ്ങേറുകയാണ്. ഒളിംപിക്‌സില്‍ മത്സരിക്കുകയാണ് അലിഖയുടെ സ്വപ്നം.