റിയാദ്- റിയാദ് വിമാനതാവളത്തിൽനിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും കണ്ടെത്തി. ജിസാനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ കാണാതായ തൃശൂര്‍ സ്വദേശിയെയും പരപ്പനങ്ങാടിയില്‍നിന്ന് റിയാദിലേക്ക് വന്ന മലയാളിയെയുമാണ് കഴിഞ്ഞ ദിവസം മുതൽ റിയാദ് വിമാനതാവളത്തിൽ കാണാതായത്. റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലാണുള്ളത്.
ജിസാനിൽനിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ തൃശൂര്‍ സ്വദേശിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. നേരത്തെ തന്നെ ഇത്തരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹം വിമാനത്തിനകത്ത് വെച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തി. നിയമനടപടികള്‍ നേരിടുന്നതിനാല്‍ ഇദ്ദേഹത്തെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തു. മാനസിക അസ്വസ്ഥത നേരിടുന്നയാള്‍ക്ക് മതിയായ ചികിത്സ നല്‍കാതെ നേരിട്ട് നാട്ടിലക്ക് കയറ്റി അയക്കാന്‍ ശ്രമിച്ചതാണ് വിനയായത്. നേരത്തെ സൗദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ബഖാലയിൽനിന്ന് കേടായ സാധനങ്ങൾ വിറ്റെന്ന പേരിൽ ഉപഭോക്താവ് നൽകിയ കേസിൽ നിയമനടപടി നേരിടുന്ന പരപ്പനങ്ങാടി സ്വദേശിയെയും പോലീസ് വിമാനതാവളത്തിൽ തടഞ്ഞുവെച്ചു. ഇദ്ദേഹം കോഴിക്കോട് നിന്ന് റിയാദ് വഴി അബഹയിലേക്കുള്ള യാത്രയിലായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ് ഇനിയും അവസാനിച്ചിട്ടില്ല. നിയമ നടപടികൾ നേരിടുന്നവർ യാത്രക്ക് മുമ്പായി അബ്ശിർ വഴിയോ നീതിന്യായ വകുപ്പിൻ്റെ നാജിസ് പോർട്ടൽ വഴിയോ കേസിൻ്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ജിസാനിൽനിന്നുള്ള ക്ലിയറൻസിന് വേണ്ടി കാത്തിരിക്കുകയാണെന്നും സിദ്ദീഖ് തുവ്വൂർ അറിയിച്ചു.