റിയാദ്- സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ എയർലൈൻസ് തങ്ങളുടെ എംബ്ലത്തിൽ മാറ്റം വരുത്തിയതിനനുസരിച്ച് ജീവനക്കാരുടെ യൂണിഫോമിലും മാറ്റം വരുത്തുന്നു. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സാസ്‌കാരിക പൈതൃകവും ആതിഥേയ മര്യാദകളും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഈന്തപ്പനയുടെ പശ്ചാത്തലത്തിൽ തന്നെയാണ് പുതിയ ക്യാബിൻ ക്രൂ അംഗങ്ങൾക്കും യൂണിഫോം തെരെഞ്ഞെടുത്തിരിക്കുന്നത്. ക്രൂ അംഗങ്ങളുടെ സുരക്ഷിതത്വവും ഡ്യൂട്ടി നിർവഹണത്തിനും സഹായകമാകുന്ന തരത്തിൽ ചെറിയ വ്യത്യാസത്തോടെയാണ് ക്രൂ അംഗങ്ങൾക്ക് യൂണിഫോം തയ്യാറാക്കിയിരിക്കുന്നതെന്ന് എയർ സർവ്വീസ് മാനേജ്‌മെന്റിലെ ഉമർ അൽ സുബൈദി പറഞ്ഞു. ക്രൂ അംഗങ്ങളുടെയും ഡിസൈനർമാരുടെയും അഭിപ്രായങ്ങൾ ഇതിനായി ശേഖരിക്കുകയും ഇതനുസരിച്ച് തെരഞ്ഞെടുത്ത യൂണിഫോം ആറു മാസം 35 ഓളം ക്രൂ അംഗങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. ജിദ്ദ-ലണ്ടൻ തുടങ്ങിയ സെക്റ്ററുകളിലാണ് യൂണിഫോം പരീക്ഷിച്ചത്. ഇതിന് ശേഷമാണ് യൂണിഫോമിന് അന്തിമമായി അംഗീകാരം നൽകിയിരിക്കുന്നത്. യൂണിഫോം മാറ്റ പ്രക്രിയയുടെ ഭാഗമായി 6000-ലേറെ വരുന്ന സൗദി എയർ ലൈൻസ് ഹോസ്റ്റസുമാരുടെ ഡ്രസ് അളവുകൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ബോയിംഗ് 787 പോലെയുള്ള വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് ഗസ്റ്റ് ക്ലാസ് തുടങ്ങിയവയിലായി 14 വരെ ഹോസ്റ്റസുമാരുണ്ടായിരിക്കും. എയർ ബസ് 330ൽ 10 പേരും നാരോ ബോഡി വിമാനങ്ങളിൽ അഞ്ചു പേരുമായിരിക്കും ഹോസ്റ്റസുമാരായി ഉണ്ടായിരിക്കുക. തങ്ങളുടെ ജോലി നിർവഹിക്കുന്നതിനു സഹായകരമാകുന്ന ഏറ്റവും മുന്തിയ തുണിത്തരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും അൽ സുബൈദി വിശദീകരിച്ചു.