കൊച്ചി - സംസ്ഥാനത്ത് വീണ്ടും പോലീസ് ആത്മഹത്യ. എറണാകുളം ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവിനെയാണ് വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷിബു കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. മദ്യപിച്ചതിന് ശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ എ.ആർ ക്യാമ്പിലെ പോലീസുകാരൻ പെരുമ്പള്ളി സ്വദേശി ആദിഷിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈയിടെ പോലീസിൽ ആത്മഹത്യാ പ്രവണത വർധിച്ചുവരുന്നതായാണ് റിപോർട്ട്. മാനസിക-കുടുംബ-ജോലി സമ്മർദ്ദമടക്കമുള്ള കാര്യങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
2019 ജനുവരി മുതൽ 2023 ആഗസ്ത് 30 വരെ കഴിഞ്ഞ നാലുവർഷത്തിനിടെ, കേരള പോലീസിൽ 69 പേർ ആത്മഹത്യ ചെയ്തതായാണ് കണക്കുകൾ. സേനയിലെ കടുത്ത മാനസിക സമ്മർദ്ദം മൂലവും മറ്റുമായി നാലു വർഷത്തിനിടെ 169 പോലീസുകാർ സ്വയം വിരമിക്കലിന് അപേക്ഷ നല്കിയതായും പറയുന്നു.