ആലപ്പുഴ - ആലപ്പുഴയിൽ നവകേരള സദസ്സിനെതിരേയുള്ള കരിങ്കൊടി പ്രതിഷേധക്കാരെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ചുപേരെ പ്രതി ചേർത്ത് കേസ്. ക്രൂരമർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ്, കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവർ നൽകിയ ഹർജിയിൽ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് കേസെടുക്കാൻ തയ്യാറായത്.
സമരക്കാർക്കു നേരെ അതിക്രൂരമായ മർദ്ദനം അരങ്ങേറിയിട്ടും ഗൺമാൻ മർദ്ദിക്കുന്നത് കണ്ടില്ലെന്നും പാർട്ടി പ്രവർത്തകർ നടത്തിയത് 'രക്ഷാപ്രവർത്തനമാണെന്നു'മായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള ന്യായീകരണം.
സംഭവത്തിൽ മർദ്ദനത്തിന് ഇരയായവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് കോടതി വിധിക്ക് പിന്നാലെ പോലീസ് പറഞ്ഞു. ഇവരോട് തെളിവുകൾ ഹാജരാക്കാനും ആവശ്യപ്പെടും. ശേഷം കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനും രണ്ടാം പ്രതി സെക്യൂരിറ്റി ഓഫീസർ, മറ്റു പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകും. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും പോലീസ് പറഞ്ഞു.