തിരുവനന്തപുരം - കെ എസ് ആര്‍ ടി സിയില്‍ ഇനി യൂണിയനുകള്‍ ഭരിക്കില്ലെന്നും കോര്‍പ്പറേഷനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുമെന്നും നിയുക്ത ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. സാമ്പത്തിക ചോര്‍ച്ചകള്‍ അടയ്ക്കാനും ദുര്‍ചിലവുകള്‍ അവസാനിപ്പിക്കാനും ശ്രമം നടത്തും. സാമ്പത്തിക അച്ചടക്കമുണ്ടായാല്‍ പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകും. ഹൈക്കോടതി ഇടപെടലില്‍ ചില കാര്യങ്ങള്‍ ന്യായമാണ്, എന്നാല്‍ മറ്റു ചിലത് ന്യായമല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമം താന്‍ ഉറപ്പാക്കും. തൊഴിലാളികള്‍ ജോലി ചെയ്യും, ഭരണം മാനേജിംഗ് ഡയറക്ടര്‍ നടത്തും. തൊഴിലാളി വിഷയങ്ങളില്‍ സ്‌നേഹത്തോടെ ഇടപെടല്‍ ഉണ്ടാകുമെന്നും നിയുക്ത മന്ത്രി വ്യക്തമാക്കി. കെ എസ് ആര്‍ ടി സിയില്‍ ആധുനികവത്കരണം നടപ്പാക്കുമെന്നും കഴിവതും ജോലികള്‍ കമ്പ്യൂട്ടര്‍ വഴിയാക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം ഗതാഗതമന്ത്രി സ്ഥാനത്ത് നിന്നിറങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും കെ എസ് ആര്‍ ടി സിയില്‍ ഇപ്പോള്‍ ഒരു രൂപ പോലും കുടിശ്ശികയില്ലെന്നും മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച ആന്റണി രാജു പറഞ്ഞു. ഇന്നലെ വരെയുള്ള മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്. അതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി