തിരുവനന്തപുരം - ഇടതു മുന്നണിയിലെ ധാരണ പ്രകാരം മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ഇന്ന് രാജിവെക്കും. നിലവില്‍ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവര്‍കോവില്‍. ഗതാഗത വകുപ്പ് മന്ത്രിയാണ് ആന്റണി രാജു. മന്ത്രിമാര്‍ ക്ലിഫ് ഹൗസിലെത്തി ഉടന്‍ മുഖ്യമന്ത്രിയെ കാണും. പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മന്ത്രിയാക്കിയത് ഇടതുമുന്നണിയാണെന്നും മുന്നണി തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. രണ്ടര വര്‍ഷം കൊണ്ട് ചെയ്യാവുന്നത് ഒക്കെ ചെയ്‌തെന്നും പൂര്‍ണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെയുള്ള ധാരണ പ്രകാരം ഇരുവര്‍ക്കും പകരം കടന്നപ്പള്ളിയും ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്കെത്തും.