Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ഷോപ്പിംഗ്: തട്ടിപ്പുകള്‍ തടയാന്‍ അറിയാം ഈ മാര്‍ഗങ്ങള്‍

ദുബായ്- ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ താമസിക്കുന്ന അബ്ദുള്‍ ഹാദി എന്ന ഇറാനിയന്‍ പ്രവാസി 500 ദിര്‍ഹം വിലയുള്ള വാക്വം ക്ലീനര്‍ വാങ്ങാനുള്ള പരിപാടിയിലായിരുന്നു. ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുന്നതിനിടയില്‍, അതേ വാക്വമിന്റെ പരസ്യം 50 ശതമാനം കിഴിവില്‍ അദ്ദേഹത്തിന്റെ ഭാര്യ കാണാനിടയായി. അവര്‍ ഉടന്‍ തന്നെ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തു, പക്ഷേ അത് എത്തിയപ്പോള്‍ അവര്‍ ഞെട്ടിപ്പോയി.

'ഒരാഴ്ചക്ക് ശേഷം സാധനം ഡെലിവര്‍ ചെയ്തു, ഞങ്ങള്‍ക്ക് പാഴ്സലില്‍ ലഭിച്ചത് 500 ദിര്‍ഹം വിലയുള്ളതായിരുന്നില്ല, 250 ദിര്‍ഹം പോലും വിലയുള്ളതായിരുന്നില്ല. വിപണിയില്‍ 30 ദിര്‍ഹം മാത്രം വിലയുള്ള വാക്വം ക്ലീനറാണ് കിട്ടിയത്- ഹാദി പറഞ്ഞു.

ഷോപ്പിംഗ് സൈറ്റില്‍ കണ്ടത് തറ വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന മൂന്നടി ഉയരമുള്ള വാക്വം ആണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ക്ക് ലഭിച്ചത് അര അടി മാത്രം വലിപ്പമുള്ള ഹെയര്‍ ഡ്രയര്‍ പോലെ ഒരു സാധനമാണ്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പരിശോധിച്ചപ്പോള്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ല. തട്ടിപ്പാണെന്ന് അതോടെ ബോധ്യമായി- അദ്ദേഹം പറഞ്ഞു.

ഹാദി മാത്രമല്ല ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നത്. പേയ്മെന്റ് പ്ലാറ്റ്ഫോമായ വിസ നടത്തിയ ഒരു പഠനം അനുസരിച്ച്, സൈബര്‍ തട്ടിപ്പുകള്‍ സാധാരണയായി അവധിക്കാലത്ത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. എല്ലാ വര്‍ഷവും, ലോകമെമ്പാടുമുള്ള ആയിരക്കണക്കിനാളുകള്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതായി അവര്‍ പറയുന്നു.

വ്യാജ പെര്‍ഫ്യൂം

ദുബായിലെ അല്‍ വര്‍ഖ പരിസരത്ത് താമസിക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ മുഹമ്മദ് അമ്മാര്‍ ഇത്തരം തട്ടിപ്പിനിരയായ ഒരാളാണ്.

'എനിക്ക് പെര്‍ഫ്യൂം ഇഷ്ടമാണ്. അതിന്റെ ഒരു ശേഖരം തന്നെ എന്റെ പക്കലുണ്ട്. ഒറിജിനല്‍ പെര്‍ഫ്യൂം വില്‍ക്കുമെന്ന് അവകാശപ്പെടുന്ന നിരവധി വെബ്സൈറ്റുകള്‍ ഉണ്ട്, എന്നാല്‍ സത്യത്തില്‍, അവര്‍ 60 ശതമാനം 'കിഴിവില്‍' വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നം കുറച്ച് സുഗന്ധമുള്ള വെള്ളമല്ലാതെ മറ്റൊന്നുമല്ല- അമ്മാര്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യം വാര്‍ഷിക അവധിക്ക് പോകാനൊരുങ്ങിയപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി 1,200 ദിര്‍ഹം വിലയുള്ള പെര്‍ഫ്യൂം വാങ്ങി. എന്നാല്‍ എത്തിയപ്പോള്‍ അത് വ്യാജനാണെന്ന് വ്യക്തമായി. പരാതി നല്‍കാന്‍ അവരുടെ വെബ്സൈറ്റില്‍ ഒരു നമ്പര്‍ ഉണ്ട്, പക്ഷേ അത് എല്ലായ്‌പ്പോഴും ലഭ്യമല്ല- അമ്മാര്‍ പറഞ്ഞു.

പെര്‍ഫ്യൂം വ്യാജമാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനല്‍ പോലെയുള്ള ഒരു പാക്കേജിംഗിലാണ് ഇത് വിറ്റത്.

അമ്മറിന് 1,200 ദിര്‍ഹം നഷ്ടപ്പെട്ടു, സ്റ്റോറില്‍നിന്ന് ശരിക്കുള്ള പെര്‍ഫ്യൂം ലഭിക്കാന്‍ 3,000 ദിര്‍ഹം ചെലവഴിക്കേണ്ടി വന്നു.

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ എങ്ങനെ സുരക്ഷിതമായിരിക്കാം

യു.എ.ഇ അധികൃതര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ നിരന്തരം  മുന്നറിയിപ്പ് നല്‍കുന്നുണ്ട്, 'നിങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എപ്പോഴും ചിന്തിക്കുക' എന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

വിസ, അതിന്റെ പഠനത്തില്‍, ഓണ്‍ലൈനില്‍ ഷോപ്പിംഗ് ചെയ്യുമ്പോള്‍ സുരക്ഷിതമായിരിക്കാന്‍ ഒരാള്‍ക്ക് പിന്തുടരാവുന്ന നിരവധി കാര്യങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

-വിശ്വസനീയവും സുരക്ഷിതവുമായ വെബ്സൈറ്റുകളില്‍ നിന്ന് മാത്രം ഷോപ്പുചെയ്യുക: ബ്രൗസര്‍ ബാറില്‍ ഒരു പാഡ്ലോക്ക് ചിഹ്നം തിരയുക. വെബ്സൈറ്റ് സുരക്ഷിതമാണെന്നും നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാന്‍ എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും ഈ ചിഹ്നങ്ങള്‍ സൂചിപ്പിക്കുന്നു.

-ശരിയല്ലെന്ന് തോന്നുന്ന ഡീലുകളെ കുറിച്ച് ജാഗ്രത പാലിക്കുക: തട്ടിപ്പുകാര്‍ പലപ്പോഴും ഇരകളെ അവിശ്വസനീയമായ ഡീലുകള്‍ ഉപയോഗിച്ച് ആകര്‍ഷിക്കുന്നു.

-ഇമെയിലുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കുക: അവധിക്കാലത്ത് ഫിഷിംഗ് തട്ടിപ്പുകള്‍ സാധാരണമാണ്. ആവശ്യപ്പെടാത്ത ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് അയച്ചയാളുമായി അവരുടെ ഉപഭോക്തൃ സേവന ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി നേരിട്ട് സ്ഥിരീകരിക്കുക.

- ഒ.ടി.പി സന്ദേശത്തിലെ വിശദാംശങ്ങള്‍ എപ്പോഴും പരിശോധിക്കുക: ഒ.ടി.പി നല്‍കുന്നതിന് മുമ്പ്, ഒ.ടി.പി യുടെ ഉദ്ദേശ്യം പരിശോധിച്ച് വ്യാപാരിയുടെ പേര്, ഇടപാട് തുക തുടങ്ങിയ വാങ്ങല്‍ വിശദാംശങ്ങള്‍ അവലോകനം ചെയ്യുക.  ഫോണ്‍, ഇ-മെയില്‍ അല്ലെങ്കില്‍ മെസഞ്ചര്‍ വഴി നിങ്ങളുടെ ഒ.ടി.പികള്‍ വെളിപ്പെടുത്തരുത്.
     
-നിങ്ങളുടെ ഉപകരണങ്ങളും സോഫ്റ്റ്വെയറും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കുക: പതിവ് അപ്ഡേറ്റുകളില്‍ പലപ്പോഴും പുതിയ ഭീഷണികളില്‍നിന്ന് പരിരക്ഷിക്കുന്ന സുരക്ഷാ പാച്ചുകള്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ ഉപകരണങ്ങളും സോഫ്റ്റ്വെയറും കാലികമാണെന്ന് ഉറപ്പാക്കുക.

-ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക, 2 ഫാക്ടര്‍ ഓത്ന്റിഫിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക: നിങ്ങളുടെ ഓരോ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കും തനതായ പാസ്വേഡ് ഉണ്ടായിരിക്കുകയും തട്ടിപ്പുകാര്‍ക്ക് ആക്സസ് ചെയ്യുന്നത് കൂടുതല്‍ വെല്ലുവിളിയാകാന്‍
ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുകയും വേണം.

-നിങ്ങളുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ നിരീക്ഷിക്കുക: ഏതെങ്കിലും അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങളുടെ സ്റ്റേറ്റ്മെന്റുകള്‍ പതിവായി പരിശോധിക്കുകയും ഇടപാട് അലേര്‍ട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുക. സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ  അറിയിക്കുക.

-വ്യാജ ചാരിറ്റികള്‍ക്കെതിരെ ജാഗ്രത പാലിക്കുക: വ്യാജ ചാരിറ്റി തട്ടിപ്പുകാര്‍ പലപ്പോഴും അവധിക്കാലം മുതലെടുക്കുന്നു. സംഭാവന നല്‍കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ചാരിറ്റിയെക്കുറിച്ച് അന്വേഷിക്കുക.

-നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുക: ആവശ്യമില്ലെങ്കില്‍ ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഒരു സുഹൃത്തില്‍നിന്നോ കുടുംബാംഗത്തില്‍ നിന്നോ ആണ് സന്ദേശമെങ്കില്‍ പോലും. വ്യക്തിപരമായ വിവരങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനകളെ കുറിച്ച് ജാഗ്രത പാലിക്കുക.

-പബ്ലിക് വൈഫൈയില്‍ ഷോപ്പിംഗ് ഒഴിവാക്കുക: പൊതു വൈ-ഫൈ നെറ്റ്വര്‍ക്കുകള്‍ പലപ്പോഴും സുരക്ഷിതമല്ലാത്തതും ഹാക്കര്‍മാരുടെ ലക്ഷ്യവുമാണ്. സുരക്ഷിതമായ ഹോം നെറ്റ്വര്‍ക്കില്‍നിന്ന് ഷോപ്പിംഗ് നടത്തുന്നതോ വി.പി.എന്‍ ഉപയോഗിക്കുന്നതോ സുരക്ഷിതമാണ്.

 

 

Latest News