കാസര്‍കോട്-ജീവനൊടുക്കാനെത്തിയ അമ്മയെയും മക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകയറ്റി നീലേശ്വരം ജനമൈത്രി പോലീസ്. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ആത്മഹത്യക്കൊരുങ്ങിയ 35കാരിയെയും എട്ടും ഒന്നും വയസുള്ള മക്കളെയുമാണ് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് മക്കളുമായി വീടുവിട്ടിറങ്ങിയ യുവതി നീലേശ്വരം റെയില്‍വെ സ്റ്റേഷനുസമീപം പാളത്തില്‍ ആത്മഹത്യക്കൊരുങ്ങിയത്. യുവതി ഓട്ടോയില്‍ പേരോലില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരോലിലും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലും പാളത്തിലും പരിശോധന നടത്തി. തുടര്‍ന്ന് രണ്ടുകുട്ടികളെയും ചേര്‍ത്തുപിടിച്ച് യുവതി റെയില്‍വെ പാളത്തില്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.ഓടിയെത്തിയ സംഘം അമ്മയെയും മക്കളെയും പാളത്തില്‍ നിന്ന് മാറ്റി. ഇതിനു പിന്നാലെ പാളത്തിലൂടെ ട്രെയിന്‍ കടന്നു പോവുകയും ചെയ്തിരുന്നു. അമ്മയെയും മക്കളെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു സംസാരിക്കുകയും യുവതിയുടെ അമ്മയ്ക്കൊപ്പം വീട്ടിലെത്തിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ ജനമൈത്രി പോലീസ് വീണ്ടും അവരുടെ വീട്ടിലെത്തി കൗണ്‍സലിങ് നല്‍കി. അവസരോചിത ഇടപെടലിലൂടെ മൂന്നുജീവന്‍ രക്ഷിച്ചതിലുള്ള സന്തോഷത്തിലാണ് നീലേശ്വരം ജനമൈത്രി പോലീസ്.