റിയാദ്- സ്വന്തം പിഞ്ചുമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളായ റാമയും ലാനയെയും ഇലക്ട്രിക് വാഷിംഗ് മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്ക് റിയാദിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്.
മറ്റൊരു കൊടുംക്രിമിനലിനും റിയാദിൽ ഇന്നലെ വധശിക്ഷ നടപ്പാക്കി. കൊലപ്പെടുത്താൻ ശ്രമിച്ച് ഒരാൾക്കു നേരെ നിറയൊഴിക്കുകയും അയാളുടെ കാർ തട്ടിയെടുക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും മറ്റേതാനും പേരെ കൊലപ്പെടുത്താൻ ശ്രമിച്ച് നിറയൊഴിച്ച് പരിക്കേൽപിക്കുകയും മറ്റു ചിലരെ മർദിച്ച് പണവും വിലപിടിച്ച വസ്തുക്കളും തട്ടിയെടുക്കുകയും വാഹനങ്ങൾ കവരുകയും മറ്റുള്ളവരുടെ സ്വത്തുവകകൾ നശിപ്പിക്കുകയും യന്ത്രത്തോക്ക് ചൂണ്ടി ആളുകളുടെ വ്യക്തിപരമായ വസ്തുക്കൾ തട്ടിയെടുക്കുകയും പൊതുക്രമസമാധാനത്തിന് കോട്ടംതട്ടിക്കുന്ന വീഡിയോകൾ നിർമിക്കുകയും ഇരകളിൽ ഒരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ചിത്രീകരിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സുൽത്താൻ ബിൻ മൽഹി ബിൻ ഹസൻ അൽഅജമിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. പ്രതി ഹഷീഷും ലഹരി ഗുളികകളും ഉപയോഗിച്ചതായും രണ്ടു തോക്കുകൾ കൈവശം വെച്ചതായും തെളിഞ്ഞിരുന്നു. കിഴക്കൻ പ്രവിശ്യയിൽ മറ്റൊരു സൗദി പൗരനും ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ അലി ആലുഹമൂദിനെ തർക്കത്തെ തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തിയ സജാദ് ബിൻ ജഅ്ഫർ ബിൻ അഹ്മദ് അൽബൂരിക്ക് ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.