കൽപറ്റ- വയനാട് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ബൈപാസ് ഗ്രൗണ്ടിൽ നടത്തുന്ന പുഷ്പോത്സവം ജനശ്രദ്ധ നേടുന്നു. ജില്ലയ്ക്കു പുറമേനിന്നുള്ള വിനോദസഞ്ചാരികളടക്കം നൂറുകണക്കിനു ആളുകളാണ് പുഷ്പോത്സവം ആസ്വദിക്കാനെത്തുന്നത്.
ആയിരത്തിൽ അധികം ഇനം പുഷ്പങ്ങളാണ് വിശാലമായ പന്തലിൽ പ്രദർശനത്തിനു വച്ചിരിക്കുന്നത്. ലില്ലിയം, പോയൻസിറ്റിയ, ബോഗൺ വില്ല, ജമന്തി, ഡാലിയ, ആന്തൂറിയം, റോസ്, ബോൾസം, മെലസ്റ്റോമ... ഇങ്ങനെ നീളുന്നതാണ് പൂക്കളുടെ നിര. പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നു കൊണ്ടുവന്നതാണ് പൂക്കളിൽ പല ഇനങ്ങളും.
പുഷ്പോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ കുതിരവണ്ടി യാത്ര, ഹെലികോപ്റ്റർ യാത്ര എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു. ഫുഡ്കോർട്ടുകളിലും സ്റ്റാളുകളിലും സായാഹ്നങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സായാഹ്നങ്ങളിലെ സാംസ്കാരിക പരിപാടികൾ ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. ജനുവരി 10 വരെയാണ് പുഷ്പോത്സവം.