തിരുവനന്തപുരം - കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റില്‍ നിന്ന് 2.25 കോടി തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശിയായ കേശവ് ശര്‍മ, രാജസ്ഥാന്‍ സ്വദേശി ദേരു ലാല്‍ ശര്‍മ എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പേരില്‍ മുംബൈ വിമാനത്താവളത്തിലെത്തിയ പാഴ്സലില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്നും കൂടെ പാസ്പോര്‍ട്ടിന്റെയും ആധാറിന്റെയും കോപ്പി ഉണ്ടെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിളിച്ചത്. പരാതിക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് പണം നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചത് പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് 2.25 കോടി രൂപ നിക്ഷേപിച്ചു. ഇത് 70 -ല്‍പരം അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിയെടുക്കുകയായിരുന്നു. ഈ പണം ക്രിസ്റ്റോ കറന്‍സിയായും ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങിയും കൈമാറി. നൂതന സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതികളുടെ വിവരം ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. വലിയ ശൃംഗലയാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.