കോഴിക്കോട്-സൗദി പൗരനെ നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിനിരയാക്കിയെന്ന വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ആരോപണ വിധേയനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ.പി ഷമീൽ രംഗത്ത്. സൗദി പൗരൻ ഇബ്രാഹീം മുഹമ്മദ് അൽ ഉതൈബി, ജിദ്ദയിൽ പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ഷമീൽ പറഞ്ഞു. ഷമീൽ 27 കോടിയോളം രൂപയുടെ നടത്തിപ്പ് നടത്തിയെന്നായിരുന്നു സൗദി പൗരന്റെ ആരോപണം. എന്നാൽ 2013 മുതൽ സ്ഥാപനത്തിൽ പി.ആർ. ഒ ആയി ജോലി ചെയ്ത ഇബ്രാഹീം മുഹമ്മദ്, 2016ൽ തന്നെ സഹായിക്കാമെന്ന് പറഞ്ഞ് കമ്പനിയുടെ വക്താവായി മാറി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഷെമീൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ച് മില്യൺ റിയാൽ നൽകി എന്റെ കമ്പനിയിൽ ഓഹരി നല്കാമെന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഉണ്ടാക്കിയ കരാർ പ്രകാരമുള്ള കാശ് അടക്കുകയോ, കമ്പനിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് കൈമാറുകയോ ചെയ്തില്ല. പിന്നീട് അദ്ദേഹത്തിന്റെ മകന്റെ പേരിലേക്ക് കമ്പനിയുടെ ഷെയർ ട്രാൻസ്ഫർ ചെയ്തു കൊടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും ഷമീൽ ആരോപിക്കുന്നു.
സൗദി ആഭ്യന്തര മന്ത്രാലയത്തിൽ ഉന്നത തസ്തികയിൽ ജോലി ചെയ്തിരുന്ന ഇബ്രാഹിം അൽ ഉതൈബിയുമായി പിന്നീട് ദുബായിൽ വെച്ച് ചർച്ച നടത്തി പണം തിരികെ കൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ, സ്ഥാപനം കൈക്കലാക്കാൻ വേണ്ടി അദ്ദേഹം കേസ് കൊടുക്കുകയും തനിക്കോ തന്റെ വക്കീലിനോ സൗദിയിൽ ഹാജരാകുവാൻ സാധിക്കാത്ത സ്ഥിതിയുണ്ടാക്കി എക്‌സ് പാർട്ടി വിധി നേടിയെടുക്കുകയും ചെയ്തുവെന്ന് ഷമീല്‍ ആരോപിച്ചു. തനിക്ക് സൗദിയിൽ പോയി കേസ് നടത്തുവാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. അങ്ങനെയാണു അദ്ദേഹത്തിന് കോടതിയിൽ നിന്ന് എക്‌സ് പാർട്ടി വിധി കിട്ടിയതെന്നും 87 മില്യൺ സൗദി റിയാൽ ആസ്തിയുള്ള കമ്പനിയുടെ സ്വത്തുക്കളും മാർക്കറ്റിൽ നിന്ന് കിട്ടാനുള്ള 25 മില്യൺ റിയാലും കമ്പനി നടത്തിപ്പിന് പവർ അറ്റോണി ഉള്ള ഇവർ പിന്നീട് എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഷമീൽ ആവശ്യപ്പെട്ടു.
സൗദി മാത്രമല്ല ദുബായ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെല്ലാമുണ്ടായിരുന്ന സ്ഥാപനങ്ങൾ കൂടി തനിക്ക് നഷ്ടപ്പെട്ടെന്നും 2017ൽ നടന്ന ഒരു സംഭവം, വർഷങ്ങൾക്കു ശേഷം തന്റെ മകളുടെ വിവാഹം നിശ്ചയിച്ചുവെന്നറിഞ്ഞതിന്റെ ഭാഗമായി ഇപ്പോൾ വീണ്ടും ചിലർ പൊക്കി കൊണ്ടുവന്നത് വിവാഹം മുടക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് മറ്റ് ഉദ്ദേശ്യം വെച്ചാണെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഷമീൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ അഡ്വ . അനീഷും പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)