കൊച്ചി - ലക്ഷങ്ങള്‍ വിലവരുന്ന രാസലഹരി മരുന്നുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. പേഴ്‌സില്‍ പ്രത്യേക അറകളുണ്ടാക്കി അതില്‍ സൂക്ഷിച്ച 65 എല്‍ എസ് ഡി രാസലഹരി സ്റ്റാമ്പുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വലിയകത്തു വീട്ടില്‍ നസറുദീന്‍ (28), കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് കള്ളിക്കാട്ടു വീട്ടില്‍ നിബിന്‍ (28) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ''ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍'' പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇരുചക്രവാഹനത്തില്‍ കടത്തുകയായിരുന്ന രാസലഹരി പിടിച്ചെടുത്തത്. ഒരു സ്റ്റാമ്പിന് അയ്യായിരത്തിലേറെ രൂപയ്ക്കാണ് ഇവര്‍ വില്‍പ്പന നടത്തുന്നത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായാണ് ഇത് കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പുറപ്പിളളിക്കാവ് റോഡില്‍ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു