സൗദിയില്‍ നിരവധി പേര്‍ ഒരേ രീതിയിലുള്ള സൈബര്‍ തട്ടിപ്പിനിരയായി

ജിദ്ദ- സൗദിയില്‍ നിരവധി പേര്‍ ഒരേ രീതിയിലുള്ള സൈബര്‍ തട്ടിപ്പിനിരയായി. തങ്ങളുടെ ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ടെലിക്കോം കമ്പനിയായ മൊബൈലി കമ്പനിയില്‍നിന്ന് പര്‍ച്ചേസ് നടത്തിയതായി നിരവധി പേരാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചിരിക്കുന്നത്.
മദ കാര്‍ഡുകള്‍ ആപ്പിള്‍ പേയില്‍ ചേര്‍ത്താണ് എല്ലാവരുടേയും അക്കൗണ്ടുകളില്‍നിന്ന് വിവിധ തുകക്കുള്ള മൊബൈലി പര്‍ച്ചേസ് നടത്തിയിരിക്കുന്നത്. ആപ്പിള്‍ പേയില്‍ കാര്‍ഡ് ചേര്‍ക്കുന്നതിനോ പിന്നീട് പര്‍ച്ചേസ് നടത്തുന്നതിനോ തങ്ങള്‍ക്ക് ഒ.ടി.പി ലഭിച്ചിരുന്നില്ലെന്ന് എല്ലാവരും പറയുന്നു.
ബാങ്ക് അക്കൗണ്ടുകളില്‍ സാധാരണ നടക്കാറുള്ള തട്ടിപ്പുകളില്‍നിന്ന് തീര്‍ത്തും ഭിന്നമായ സൈബര്‍ തട്ടിപ്പാണ് നടന്നതെന്ന് അക്കൗണ്ടില്‍നിന്ന് രണ്ടായിരത്തോളം റിയാല്‍ നഷ്ടപ്പെട്ട മലപ്പുറം സ്വദേശി മലയാളം ന്യൂസിനോട് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ച് ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യിച്ചോ ആഭ്യന്തര മന്ത്രാലയമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെന്ന പേരില്‍ ഫോണ്‍ ചെയ്‌തോ ആണ് സാധാരണ സൈബര്‍ തട്ടിപ്പുകാര്‍ ഒ.ടി.പി കരസ്ഥമാക്കാറുള്ളത്.
ഇപ്പോള്‍ വ്യാപകമായി നടന്നിരിക്കുന്ന പര്‍ച്ചേസ് തട്ടിപ്പില്‍ ഈ രീതികളൊന്നും പിന്തുടര്‍ന്നിട്ടില്ല. തട്ടിപ്പിനിരയായവരെല്ലാം ബാങ്കില്‍ പരാതി നല്‍കി കാത്തിരിക്കയാണ്. പരാതികള്‍ സ്വീകരിച്ച ബാങ്ക് 15 ദിവസം സമയമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒ.ടി.പി ഉപയോഗിച്ചുള്ള തട്ടിപ്പുകളില്‍ സാധാരണ ഉപയോക്താക്കളെ പഴിചാരി ബാങ്കുകള്‍ കൈകഴുകാറാണ് പതിവ്. ഒരിക്കലും ഒ.ടി.പി കൈമാറരുതെന്നും ബാങ്കില്‍നിന്ന് ഫോണ്‍ വഴിയോ അല്ലാതെയോ ഒ.ടി.പി ആവശ്യപ്പെടാറില്ലെന്നും വ്യക്തിവിവരങ്ങള്‍ ചേര്‍ക്കാനുള്ള ലിങ്കുകള്‍ അയക്കാറില്ലെന്നും വ്യക്തമാക്കി എല്ലാ ബാങ്കുകളും ഇടപാടുകാരെ ബോധവല്‍കരിക്കാറുണ്ട്.

ഒ.ടി.പി അവരുടെ പക്കല്‍ തന്നെ; ജിദ്ദയില്‍ മലയാളിയുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടി

കൈയിലുള്ളത് ഫോണ്‍ മാത്രമല്ല, നിങ്ങളുടെ സുരക്ഷ കൂടിയാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

 

Latest News