തിരുവനന്തപുരം - പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ. കെ. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിക്കും.
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.കെ രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ എം ഷഹന, മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹന, കെ.ജി മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി. 2017 നവംബര്‍ 30 ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 1ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.