കല്‍പ്പറ്റ - വയനാട് ചുരത്തിലെ ആറാം വളവില്‍ ചരക്കു ലോറി തകരാറിലായിനെ തുടര്‍ന്ന് ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആറാം വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ചരക്കുലോറി ജോയിന്റ് പൊട്ടി കുടുങ്ങിയത്. ചുരം വഴി യാത്ര ചെയ്യുന്നവര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുമെന്നതിനാല്‍ ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണവും കരുതണമെന്നും വാഹനത്തില്‍ ഇന്ധനം ആവശ്യത്തിനു ഉണ്ടെന്ന കാര്യം ഉറപ്പുവരുത്തണമെന്നും പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും അറിയിച്ചു. ചെറിയ വാഹനങ്ങള്‍ക്ക് പോലും കഷ്ടിച്ചാണ് കടന്നു പോകാന്‍ കഴിയുന്നത്. ചരക്കു ലോറിയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മെക്കാനിക്കുകള്‍ എത്തിയിട്ടുണ്ടെങ്കിലും തകരാറായ ഭാഗം മാറ്റിവെച്ച് ലോറി നീക്കണമെങ്കില്‍ മണിക്കൂറുകള്‍ വേണ്ടി വരും. വയനാട് ഭാഗത്തേക്ക് വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴക്ക് അടുത്ത് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. ലൈന്‍ ട്രാഫിക് കര്‍ശനമായി പാലിക്കണമെന്നും നിര തെറ്റിച്ചുള്ള ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ടാല്‍ ചുരത്തില്‍ വെച്ച് തന്നെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.