പ്രാഗ്- യു. എസില്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ വധശ്രമക്കേസ് ഗൂഡാലോചനയില്‍ അറസ്റ്റിലായ നിഖില്‍ ഗുപ്ത ചെക്ക് റിപ്പബ്ലിക്കിന്റെ അധികാരപരിധിയിലാണെന്നും ഇന്ത്യക്കതില്‍ അധികാരങ്ങളില്ലെന്നും ചെക്ക് നീതിന്യായ മന്ത്രാലയ വക്താവ് വ്ളാഡിമിര്‍ റെപ്ക. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിഖില്‍ ഗുപ്തയുടെ കുടുംബം സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വ്ളാഡിമിര്‍ റെപ്ക ഇക്കാര്യം പറഞ്ഞത്.
അമേരിക്കന്‍ മണ്ണില്‍ പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് യു. എസ് സര്‍ക്കാര്‍ ആരോപണം ഉന്നയിച്ച ഗുപ്ത ആറു മാസം മുമ്പാണ് ചെക്ക് റിപ്പബ്ലിക്കില്‍ തടവിലായത്. നിലവില്‍ പ്രാാഗിലെ ജയിലിലാണ് ഗുപ്ത.
ഗുപ്തയെ കൈമാറുന്നതിന് ചെക്ക് സര്‍ക്കാറിനെ യു. എസ് സമീപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.
യു. എസിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ ഇടപെടാനും കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പാക്കാനും ഇന്ത്യന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുപ്തയുടെ കുടുംബാംഗം കഴിഞ്ഞ ആഴ്ചയാണ് സുപ്രിം കോടതിയെ സമീപിച്ചത്.
യു. എസിലും കാനഡയിലും ഇരട്ട പൗരത്വമുള്ള യു എസ് ആസ്ഥാനമായ സിഖ് വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനോടൊപ്പം ഗുപ്ത പ്രവര്‍ത്തിച്ചതായി യു. എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യ ഇതിനകം സമിതി രൂപീകരിച്ചിട്ടുണ്ട്.
ചെക്ക് റിപ്പബ്ലിക്കില്‍ തങ്ങള്‍ക്ക് മതിയായ നിയമപരമായ പ്രാതിനിധ്യമില്ലെന്ന് ഗുപ്തയുടെ കുടുംബം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍ ഇല്ലെങ്കില്‍ കോടതി തന്നെ യോഗ്യതയുള്ള ഒരാളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് നിഖില്‍ ഗുപ്തയെ കൈമാറുന്ന നടപടിയില്‍ പ്രതിനിധീകരിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം പ്രതിഭാഗം അഭിഭാഷകനായി നിയമിതനായ പീറ്റര്‍ സ്ലെപിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കുുടുംബത്തിന്റെ ആരോപണങ്ങളെ കുറിച്ച് ചെക്ക് നീതിന്യായ മന്ത്രാലയത്തിന് ഒരു വിവരവും ഇല്ലെന്നും ഇന്ത്യയുടെ കോണ്‍സുലാര്‍ ഓഫീസുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്ന കാര്യം ഗുപ്തയില്‍ നിന്നോ അദ്ദേഹത്തിന്റെ പ്രതിഭാഗം അഭിഭാഷകനില്‍ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റെപ്ക പറഞ്ഞു.
ഗുപ്തയ്ക്ക് ജയിലില്‍ ശരിയായ ഭക്ഷണം നല്‍കുന്നില്ലെന്ന ആരോപണവും അദ്ദേഹം തള്ളി. അക്കാര്യത്തിലും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കോണ്‍സുലാര്‍ ഗുപ്തയുമായി മൂന്നു തവണ ബന്ധപ്പെട്ടതായും ആവശ്യമായ കോണ്‍സുലാര്‍ സഹായം നല്‍കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.