കൊച്ചി-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി പറവൂര്‍ എം.എല്‍.എ വി.ഡി.സതീശന്‍. ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫോണ്‍ എടുത്തില്ലെന്നും സതീശന്‍ ആരോപിച്ചു
ശനിയാഴ്ചയും ഞായറാഴ്ചയും ആരോഗ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കു വിളിച്ച് തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഓഫീസില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല- അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ നിയന്ത്രണങ്ങളും വിട്ട് മന്ത്രിയോട് സംസാരിക്കേണ്ടി വന്നുവെന്നും എം.എല്‍.എ പറഞ്ഞു.
അതേസമയം, വി.ഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരാതിരിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണെന്നും ഇവിടെയുള്ളവര്‍ മതിയാകാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും മെഡിക്കല്‍ ടീമിനെ വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. മരുന്നും മറ്റും ലഭിക്കുന്നില്ലെന്ന സതീശന്റെ പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഇങ്ങോട്ടു വിളിക്കുന്നതിനു മുമ്പേ തന്നെ അങ്ങോട്ടു ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. ഞായറാഴ്ച രാവിലെ എം.എല്‍.എ വിളിക്കുമ്പോള്‍ ചെങ്ങന്നൂരിലേക്കുള്ള യാത്രയിലായിരുന്നു. മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് എം എല്‍ എയുടെ വിളി വന്നത്. അതിനാലാണ് അപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിക്കാതെ പോയത്. തുടര്‍ന്ന് തിരിച്ചുവിളിച്ചു. വളരെ രോഷാകുലനായാണ് അദ്ദേഹം സംസാരിച്ചത്.- മന്ത്രി പറഞ്ഞു.