തൃശൂർ - കൊടുങ്ങല്ലൂരിലെ സി.പി.എം നേതാവായിരുന്ന കെ.യു ബിജു വധക്കേസിലെ 13 പ്രതികളെയും കോടതി വെറുതെവിട്ടു. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരാണ് വെറുതെ വിട്ട പ്രതികളെല്ലാം. സാക്ഷിമൊഴികളിൽ അവിശ്വാസം പ്രകടിപ്പിച്ചും തെളിവുകൾ അപര്യാപ്തമാണെന്നും ചൂണ്ടിക്കാണിച്ചാണ് തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.
ബി.ജെ.പി മുൻ ജില്ല വൈസ് പ്രസിഡന്റ് ശ്രീകുമാർ അടക്കമുള്ള പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കേസിലെ രണ്ടാം പ്രതിയായ പ്രായപൂർത്തിയാകാത്ത ഒരാളുടെ വിചാരണ തൃശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്.
സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ബിജുവിനെതിരെ 2008 ജൂൺ 30-നാണ് കൊലപാതകശ്രമമുണ്ടായത്. തുടർന്ന് ചികിത്സയിലിരിക്കെ ജൂലൈ രണ്ടിന് കൊല്ലപ്പെടുകയായിരുന്നു. സഹകരണബാങ്കിലെ കുറി പിരിക്കാൻ സൈക്കിളിൽ പോകുന്നതിനിടെയാണ് രാഷ്ട്രീയ വിരോധം മൂലം ക്രിമിനലുകൾ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കും കൈക്കാലുകൾക്കും മാരകമായി അടിച്ച് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. അഡ്വ. പാരിപ്പിള്ളി ആർ രവീന്ദ്രനാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.