കൊച്ചി - നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയിലെ മുന്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി ജെ മനു പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. ഹാജരായാല്‍ മജിസ്‌ട്രേറ്റിന് ജാമ്യാപേക്ഷ പരിഗണിക്കാമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിന്റെ ആവശ്യപ്രകാരം പി ജി മനു ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നത്. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. 2018 ലുണ്ടായ പീഡനക്കേസില്‍ കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പോലീസ് നിര്‍ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നല്‍കി. 2023 ഒക്ടോബര്‍ 10 നാണ് പീഡനം. തുടര്‍ന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. തന്റെ ഫോണിലേക്ക് മനു അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും യുവതി പറയുന്നു. ഈ അശ്ലീല സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നു. ഈ ഓഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ തെളിവായി ഹാജരാക്കിയാണ് യുവതി പരാതി നല്‍കിയിരുന്നത്. പരാതി നല്‍കുമെന്ന് ഉറപ്പായപ്പോള്‍ അഭിഭാഷകന്‍ യുവതിയുടെ ബന്ധുക്കളെ ഉള്‍പ്പെടെ വിളിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ഓഡിയോ റെക്കോര്‍ഡിംഗുകളും യുവതി പോലീസില്‍ ഹാജരാക്കിയിട്ടുണ്ട്.