Sorry, you need to enable JavaScript to visit this website.

'ആ കാഴ്ച കണ്ടത് ഞെട്ടലോടെ'; യുവതിയുടെ ഉടുപ്പ് വലിച്ചുകീറിയതിൽ നടി ശ്രീയ രമേശ്

 - അണികളല്ല, നേതാക്കൾ തെരുവിൽ അടിക്കട്ടെയെന്നും നടി
തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ വനിത പ്രവർത്തകയുടെ വസ്ത്രം പോലീസ് വലിച്ചു കീറിയ സംഭവത്തിൽ രൂക്ഷ വിമർശവുമായി നടി ശ്രീയ രമേശ്. ഒരു സമരമുഖത്തുള്ള യുവതിയുടെ ഉടുപ്പ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
 കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തതെന്നും ആ സ്ത്രീ അനുഭവിച്ച മാനസികാവസ്ഥ എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഈ അവസരത്തിൽ ഓർത്തുപോകുന്നുവെന്നും നടി പറഞ്ഞു. കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്നും അവർ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇതിൽ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല.
തെരുവിൽ നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ഓരോ ദൃശ്യവും അനേകം ക്യാമറകളാൽ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നില്ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്.
കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓർക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക?
കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമരമുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോ?
സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാൻ ശക്തമായി ആവശ്യപ്പെടുന്നു.
തെരുവിൽ പോർവിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട്. ആർക്കു വേണ്ടിയാണ് നിങ്ങൾ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കൾക്ക് വേണ്ടിയോ. എങ്കിൽ ആദ്യം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എം.എൽ.എമാരും പാർട്ടി നേതാക്കളും തെരുവിൽ കിടന്ന് തല്ലു കൂടട്ടെ. രക്ഷാപ്രവർത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവർത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് സ്വയം ചെയ്തു കൂടെ?
എന്താ അത് ചെയ്യോ അവർ?
ഇല്ലല്ലേ??
അപ്പോൾ അവർക്ക് പരസ്പരം ഇല്ലാത്ത ശത്രുത എന്തിനാണ്
അവരുടെ അണികൾക്ക്? നിങ്ങളുടെ ഭാവിയാണ്, സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങൾ തമ്മിലടിച്ച് തകർക്കുന്നത്.
ഭരണകൂടത്തിനെതിരെ വിമർശങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാൻ സാധിക്കൂ.
 

Latest News