Sorry, you need to enable JavaScript to visit this website.

ഫാം ടൂറിസം പദ്ധതിക്ക് അനുമതി നിഷേധിച്ചു, പ്രവാസി വ്യവസായി സത്യഗ്രഹത്തിൽ

പി. മോഹനാംഗൻ കൊളച്ചേരി ഗ്രാമപഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം ഇരിക്കുന്നു.

കണ്ണൂർ- ഫാം ടൂറിസം ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് അനുമതി നൽകുന്നതിൽ വീഴ്ച വരുത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രവാസി വ്യവസായിയുടെ സത്യഗ്രഹ സമരം. കണ്ണാടിപ്പറമ്പ് സ്വദേശി എം.പി മോഹനാംഗനാണ് ഇന്ന് രാവിലെ മുതൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്.കൊളച്ചേരി പഞ്ചായത്തിലെ പാടിക്കുന്നിന് സമീപത്തായാണ് എം.പി. മോഹനാംഗൻ വിവിധ പദ്ധതികൾക്ക് നിക്ഷേപം നടത്തിയിട്ടുള്ളത്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട സർവീസ്ഡ് വില്ല, അത്യുത്പാദനശേഷിയുള്ള പ്ലാവിൻതോട്ടം
തുടങ്ങിയവക്കായുള്ള അനുമതിക്കായി ഒരു വർഷം മുമ്പ് തന്നെ അനുബന്ധ രേഖകൾ സഹിതം അപേക്ഷ നൽകിയിരുന്നു. ഒരു വർഷം കാത്തിരുന്നിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കൂയെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് മോഹനൻ പറയുന്നത്. 
സ്ഥാപനത്തിന് ലൈസൻസ് ലഭിച്ചാൽ മാത്രമേ പദ്ധതികൾ പൂർണതയിലെത്തിക്കാൻ കഴിയൂ. അധികൃതരെ പല തവണ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചിട്ടും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം നടത്താൻ തീരുമാനിച്ചത്. പദ്ധതിക്കായി ഇതിനകം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു കഴിഞ്ഞു. സംരംഭത്തിന് പ്രവർത്തനാനുമതി ലഭിച്ചില്ലെങ്കിൽ ഈ തുക പാഴാവും. സത്യഗ്രഹം ഇരിക്കുന്ന മോഹനാംഗനെ, ഡി.സി.സി ജന.സെക്രട്ടറി രജിത്ത് നാറാത്ത് അടക്കമുള്ള നേതാക്കൾ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു.
അതേസമയം, സംരംഭത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാനുണ്ടെന്നും അവ ലഭിച്ചാൽ സർട്ടിഫിക്കറ്റ് നൽകാനാകുമായിരുന്നെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

Latest News