തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നത് മുഖ്യമന്ത്രിക്ക് ജീവൻരക്ഷാ പ്രവർത്തനമാണെങ്കിൽ അതേ ജീവൻരക്ഷാ പ്രവർത്തനം തിരിച്ചും ഏറ്റെടുക്കാൻ കോൺഗ്രസിന് മടിയില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി ഓർമിപ്പിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോഡിയും കേരളത്തിൽ പിണറായി വിജയനും ഭരിക്കുന്നേടത്തോളം ഗാന്ധിമാർഗത്തിലൂടെ തന്നെ പോകാനാവില്ലെന്നും ചോദ്യങ്ങളോടായി അദ്ദേഹം പ്രതികരിച്ചു.
യൂത്ത് കോൺഗ്രസുകാരെ തല്ലിയത് ജീവൻ രക്ഷാപ്രവർത്തനമാണെന്നു പറയാൻ ഒരു മുഖ്യമന്ത്രിക്കു നാണമില്ലേ? തല്ലി തീർക്കാമെന്നാണ് എൽ.ഡി.എഫ് കൺവീനറും പറയുന്നത്. തല്ലി തീർക്കാൻ കോൺഗ്രസും തയ്യാറാണ്. 23 കഴിഞ്ഞാലും ജീവൻ രക്ഷാപ്രവർത്തനം തുടരുമെന്നും മുരളീധരൻ പറഞ്ഞു.
നവകേരള സദസ്സിൽ മാന്യൻമാർക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. ശൈലജ ടീച്ചർക്കും തോമസ് ചാഴിക്കാടനും മറ്റും മുഖ്യമന്ത്രിയുടെ വക കിട്ടി. നവകേരള സദസ്സ് ധൂർത്താണെന്നും മാന്യന്മാർക്കുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഗവണറോട് തങ്ങൾക്കൊരു മമതയുമില്ലെന്നും ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.