മക്ക- അസീസിയയിലെ താമസ സ്ഥലത്തെ കെട്ടിടത്തിന്റെ ലിഫ്റ്റില്‍ നിന്ന് വീണു ദാരുണമായി മരിച്ച കോഴിക്കോട് കടലുണ്ടി സ്വദേശി ബഷീറിന്റെ മകന്‍ മുഹ്‌സിന്‍ പിതാവിനുവേണ്ടി ഹജ് നിര്‍വഹിക്കുന്നതിനും ഖബറടക്കത്തില്‍ പങ്കെടുക്കുന്നതിനുമായി മക്കയിലെത്തി.
സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുകളാണ് മുഹ്‌സിന് വിസ ലഭിക്കാന്‍ സാഹചര്യമൊരുക്കിയത്. വിസ ലഭിക്കാന്‍ ആദ്യം ഇന്ത്യന്‍ ഹജ് മിഷന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചുവെങ്കിലും പിന്നീട് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു.
ഇത്തരം അവസരങ്ങളില്‍ മക്കള്‍ക്ക് മക്കയിലെത്താന്‍ അനുമതി ലഭിക്കാറുണ്ട്്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഖായ ഹജ് വളണ്ടിയറും കാസര്‍കോട് ഐക്യ വേദി സെക്രട്ടറിയുമായ കബീര്‍ കാസര്‍കോട്, ഇന്ത്യന്‍ ഹജ് മിഷനെ സമീപിച്ചപ്പോള്‍ സാങ്കേതിക പ്രയാസങ്ങള്‍ സൂചിപ്പിച്ചുവെങ്കിലും പിന്നീട് വിസിറ്റിംഗ് വിസ ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയായിരുന്നു.
ഈ വിസയില്‍ ജിദ്ദയിലെത്തിയ മുഹ്‌സിന് മക്കയിലേക്കുള്ള പ്രവേശനവും ഹജും അസാധ്യമായിരുന്നു. വീണ്ടും പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ മുഹ്‌സിന് മക്കയിലേക്കുള്ള പ്രവേശനത്തിനും ഹജിനുള്ള അനുമതിക്കും ഇന്ത്യന്‍ ഹജ് മിഷന്‍ അവസരമൊരുക്കി.
ബഷീര്‍ അപകടത്തില്‍ മരിച്ചിട്ട് ഒരാഴ്ച ആയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്തതിനാല്‍ ഖബറടക്കം നടത്താന്‍ സാധിച്ചിട്ടില്ല. അപകട മരണമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനും നടപടിക്രമങ്ങള്‍ക്കും സമയം എടുക്കുമെന്നതിനാലാണിത്.
സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ ഹജ് നിര്‍വഹിക്കാനെത്തിയ ബഷീര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അപകടത്തില്‍ മരിച്ചത്്. ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി മുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതറിയാതെ രണ്ടാം നിലയില്‍ നിന്ന് താഴെയിറങ്ങുന്നതിന് ബഷീര്‍ ലിഫ്റ്റ് കീ അമര്‍ത്തിയപ്പോള്‍ വാതില്‍ തുറക്കുകയും അതിലൂടെ പ്രവേശിച്ച നേരം താഴേക്ക് വീഴുകയുമായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്കു ശേഷമാണ് ബഷീറിനെ ലിഫ്റ്റിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.