- 'വനിതാസംവരണ നിയമവും പ്രാതിനിധ്യത്തിൻെറ രാഷ്ട്രീയവും' വിമൻ ജസ്റ്റിസ് ചർച്ചാ സംഗമം
തൃശൂർ - ഒ.ബി.സി, മുസ്‌ലിം ഉപസംവരണത്തോടെ വനിതാ സംവരണ നിയമം ഉടനെ നടപ്പിൽ വരുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അഭിപ്രായപ്പെട്ടു. വനിതാ സംവരണവും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനുള്ള പുതിയ ഭരണതന്ത്രത്തിലെ ആത്മാർത്ഥതയില്ലായ്മയാണ് മണ്ഡലം പുനർനിർണയം പൂർത്തിയാക്കിയതിനു ശേഷം മാത്രമേ വനിതാസംവരണ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ എന്ന അനാവശ്യ ഉപാധിയോടെ നിയമം പാസാക്കിയത്.
അധികാര പങ്കാളിത്തത്തിലൂടെ രാഷ്ട്രീയ പ്രാതിനിധ്യം നിറവേറ്റാൻ സമൂഹത്തിൻറ പകുതിയിലധികം വരുന്ന ഒ.ബി.സി മുസ്‌ലിം വിഭാഗങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സാധിക്കണം. നീതി പാലിക്കാൻ ഭരണകൂടത്തിന് ഉദ്ദേശ്യമുണ്ടെങ്കിൽ ഉപസംവരണത്തെ കൈയൊഴിയാനാകില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി വിഷയം അവതരിപ്പിച്ചു.
ഡോ. സോയ ജോസഫ് (ജന. സെക്രട്ടറി, യൂത്ത് കോൺഗ്രസ്), വിനീത എം.വി (പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ്), സ്മിത കോടനാട് (എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക), രജിത മഞ്ചേരി (വൈസ് പ്രസിഡൻറ്, വിമൻ ജസ്റ്റിസ്) എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് സമീറ വി.ബി നന്ദിയും പറഞ്ഞു.