ന്യൂദൽഹി- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കി. ഭൂരിപക്ഷം പ്രതിപക്ഷ അംഗങ്ങളേയും സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് ബിൽ അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് അംഗങ്ങളുടെ നിയമനത്തിനുള്ള നടപടിക്രമങ്ങൾ നിശ്ചയിക്കുന്നതാണ് ബിൽ. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് പുതിയ ബിൽ പ്രകാരം സമിതിയിൽ അടങ്ങുന്നത്.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനെ തെരഞ്ഞെടുക്കണമെന്ന സുപ്രിം കോടതിയുടെ നിർദ്ദേശത്തിന് വിരുദ്ധമായാണ് കേന്ദ്രം ബിൽ പാസാക്കിയത്. ഈ മാസം ആദ്യം പ്രതിപക്ഷം വാക്കൗട്ട് നടത്തിയെങ്കിലും രാജ്യസഭയും ബിൽ അംഗീകരിച്ചിരുന്നു.
ഈ വർഷം മാർച്ചിൽ ജസ്റ്റിസ് കെ. എം. ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ സുപ്രധാന വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കേണ്ടത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണെന്നായിരുന്നു വിധി. പാർലമെന്റ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച ഒരു നിയമം രൂപീകരിക്കുന്നത് വരെ ഇത് തുടരണമെന്നാണ് നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് സുപ്രിം കോടതി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് സുപ്രിം കോടതിയെ അകറ്റി നിർത്താനായി ചീഫ് ജസ്റ്റിസിനെ സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയാണ് പുതിയ ബിൽ രൂപീകരിച്ചത്.
സി. ഇ. സി, ഇ. സി എന്നിവയെ അവരുടെ ഭരണകാലത്ത് സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട നിയമ നടപടികളിൽ നിന്ന് സംരക്ഷിക്കുന്ന വ്യവസ്ഥയാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികളിലൊന്ന്. പുതിയ ബിൽ അനുസരിച്ച് നിലവിലുള്ളതോ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കോ തെരഞ്ഞെടുപ്പ് കമ്മീഷണർക്കോ എതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതികളെ വിലക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ജനാധിപത്യത്തെ മോദി സർക്കാർ തകർത്തതായും സ്വതന്ത്രവും ഭയരഹിതവും മികച്ചതുമായ ഇന്ത്യൻ ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് ക്രമങ്ങളേയും ബുൾഡോസർ ഉപയോഗിച്ച് തകർത്തുവെന്നാണ് രാജ്യസഭയിലെ ചർച്ചയിൽ കോൺഗ്രസ് അംഗം രൺദീപ് സുർജേവാല പറഞ്ഞത്.