Sorry, you need to enable JavaScript to visit this website.

പ്രണയവും പെരുകുന്ന ആത്മഹത്യകളും

പ്രണയം ആഘോഷമാക്കിയ യുവത്വത്തിന്റെ ലോകത്ത് നിന്നാണ് പ്രത്യേകിച്ച് പ്രണയത്തിന്റെ പേരിലുള്ള ഞെട്ടിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളുമായി നടുക്കുന്ന വാർത്തകൾ കൂടുതലായും പുറത്ത് വരുന്നത്. പ്രശ്‌നപരിഹാരമില്ലാതെ അത് തുടരുകയാണ്. അവസാന ഇര ഷഹാന.
നാളെ മറ്റൊരാൾ. പ്രണയാഭ്യർത്ഥനയുമായി മുന്നിലേക്ക് കയറിവരുന്ന പുരുഷനാണ് എല്ലാമെന്നും ഇവനില്ലാതെ എനിക്കിനി ജീവിക്കാൻ പറ്റില്ലെന്നും തോന്നിപ്പിക്കും വിധം അവൾ ആ വ്യക്തിക്ക് മുന്നിൽ വീണു പോവുകയാണ്.
അത് പ്രണയത്തിന്റെ മാത്രം സ്വകാര്യതയും മാന്ത്രികതയുമാണ്. പ്രണയ മുഖം നേരിടാത്ത ഒരാൾക്കും അത് മനസ്സിലാവുകയുമില്ല. അവസാനം തകർത്താടിയ പ്രണയത്തിനു മുന്നിൽ തേച്ചിട്ട് പോയ കാമുകനെ നോക്കി കരഞ്ഞു തീർക്കാനായിരുന്നു അവളുടെ വിധി. പ്രണയ നിരാശയാണ് ഏറ്റവും വലിയ വേദനയെന്ന് പ്രണയാലസ്യത്തിൽ തകർത്താടിയ ചിത്രങ്ങൾ നോക്കി അവൾ തന്നോട് തന്നെ പറയും, ഒപ്പം ഏറ്റവും അടുത്ത കൂട്ടുകാരോടും. 
അങ്ങനെ ചിന്തിക്കുന്നിടത്താണ് ഒരു പെൺകുട്ടി ഇല്ലാതായിപ്പോകുന്നത്. പ്രണയ കാലത്തെ അവന്റെ  അംഗീകാരവും സാന്ത്വനവും അഭിനന്ദിക്കലും ഒപ്പമിരുന്ന് പറഞ്ഞു തീരാത്ത കഥകളുമൊക്കെ അങ്ങനെയാണല്ലോ. ജീവന് തുല്യം സ്‌നേഹിച്ച പുരുഷന് എന്നെ വേണ്ട, മുന്നിൽ കണ്ണീരിന്റെ പെരുമഴക്കാലം, അതുകൊണ്ട് എനിക്കിനി എന്നെയും വേണ്ട! അതോടെ ജീവൻ ഒരു മുഴം കയറിൽ ഒതുക്കും. അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെ മരണത്തെ സ്വയം പുൽകും. പിറകെ യാചനാനിർഭരമായ മനസ്സുമായി എത്ര കിതച്ചോടിയിട്ടും തിരിഞ്ഞു നോക്കാതെ അവൻ നടന്നു. കാമുക ഹൃദയം നോക്കി അവൾ നിശ്ശബ്ദം നിലവിളിച്ചു. ആരുടെ സാന്ത്വനിപ്പിക്കലിലും അവളുടെ മനസ്സടങ്ങിയില്ല. പ്രണയം പങ്കുവെച്ച മധുര മനോഹരമായ നിമിഷങ്ങൾ നൽകിയ സമ്മാനങ്ങൾ, കൊടുത്ത വാഗ്ദാനങ്ങൾ, കൂടിക്കാഴ്ചകൾ സമ്മാനിച്ച ചിത്രങ്ങൾ ഒക്കെയും അവളെ കുത്തിക്കീറിക്കൊണ്ടിരുന്നു. ഇത്തരം ദുർബല നിമിഷങ്ങളിൽ ഒരു പെൺകുട്ടി സ്വയം ഇല്ലാതാവുക പോലുള്ള അവിവേകം കാണിക്കുമ്പോൾ കുറ്റം പറയാനാവില്ല. കാരണം ഒരിക്കൽ സ്‌നേഹിച്ച് പോയതിന്റെ പേരിൽ വിവാഹം വേണ്ടെന്നുവെച്ച് ഒരായുസ്സ് മുഴുവൻ അവനെയോർത്ത് ജീവിച്ച പെണ്ണുങ്ങളുണ്ടിവിടെ.
എന്നാൽ ഈ അവസ്ഥയിൽ നിന്ന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം വർഷങ്ങളായി തന്നിൽ സ്വപ്നം കണ്ട് പൊന്നു പോലെ നോക്കി വളർത്തിയവരെ മറന്ന് എവിടെയോ ജീവിക്കുന്ന ഒരു പുരുഷന് വേണ്ടി ഇല്ലാതാകുന്നത് കേവലം വിഡ്ഢിത്തമാണെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയുക.
നിഷ്‌കരുണം പ്രണയം അവസാനിപ്പിച്ച് അവൻ പോയ ശേഷം ഒരു പോസ്റ്റ്‌മോർട്ടം നടത്തിയാൽ പുരുഷനെന്നാൽ ഇത്രയേ ഉള്ളൂ  എന്ന് മനസ്സിലാക്കണം.  വേദനയുടെ വൻകടൽ ചാടിക്കടന്ന് എനിക്ക് ജീവിക്കണം, എന്നെ സ്‌നേഹിക്കുന്നവർ ചുറ്റിലുമുണ്ട് എന്ന് ചിന്തിക്കുന്നിടത്താണ് ഒരു പെൺകുട്ടിക്ക് ജീവിച്ച് മുന്നേറാൻ കഴിയുക, അല്ലാതെ ആത്മഹത്യയിൽ അഭയം തേടുന്നതിലല്ല. സ്വയം ഉരുകിത്തീരേണ്ടതില്ല, കാരണം ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാൽ പ്രണയം വരുത്തിവെച്ച ആഴത്തിലേറ്റ എത്ര വലിയ മുറിവും ഉണങ്ങിക്കൊള്ളും. 
ആ നിരാശയൊക്കെ മാറിനിൽക്കുമ്പോൾ തൊട്ടപ്പുറത്ത് മറ്റൊരാൾ കൂട്ടുകാരനായി വരും. ഒരാൾക്ക് വേണ്ടി മാത്രമുള്ള ലോകമല്ല തന്റേതെന്ന തിരിച്ചറിവുണ്ടാകണം. ഏറെ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾക്ക് അവസാനം വരണമെങ്കിൽ മനസ്സിനെ പറഞ്ഞടക്കാൻ പെൺകുട്ടികൾ സ്വയം തയാറാകണം. ഒരിക്കൽ സ്‌നേഹിച്ചു പോയ ഒരു പുരുഷന് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല ജീവിതം. 
കയറ്റിറക്കങ്ങൾ ഏത് വിധേനയും വരും. അതിനെയൊക്കെ തരണം ചെയ്തുകൊണ്ട് മുന്നോട്ട് പോകണം. പരസ്പരം ഇഷ്ടം തോന്നിത്തുടങ്ങിയാൽ ഇവനല്ലാതെ മറ്റൊരാൾ എന്റെ ജീവിതത്തിലില്ല എന്ന തോന്നലിലാണ് എല്ലാം തകിടം മറയുന്നത്.
എന്നാൽ എങ്ങനെ കണക്കുകൂട്ടിയാലും വല്ല സാഹചര്യങ്ങളും കൊണ്ട് പിരിയേണ്ടിവരും എന്ന് ആദ്യമേ തീരുമാനിച്ചാൽ പിൻമാറ്റം പിടിച്ചു നിൽക്കാൻ നമ്മെ പ്രാപ്തരാക്കും.
അങ്ങനെയുള്ള എത്രയോ സാഹചര്യങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.  മനുഷ്യ മനസ്സ് മാറ്റത്തിനു വിധേയമാണ്. പ്രണയ ലഹരിയിൽ ഹൃദയം കൈവെള്ളയിൽ വെച്ചുകൊടുക്കുന്നതാണ് പ്രശ്‌നം. സാഹചര്യം അനുകൂലമായാൽ വിവാഹ ജീവിതത്തിലൂടെ നമുക്കൊന്നിക്കാമെന്ന വാഗ്ദാനമാണ് കൊടുക്കേണ്ടത്. പ്രണയം പ്രണയമായി
സൂക്ഷിക്കുക. പ്രണയത്തെ ദാമ്പത്യത്തിലേക്ക് ലിങ്ക് ചെയ്യരുത്. അവിടെയാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റുക. പ്രണയിച്ചൊന്നായവർ ദാമ്പത്യ ജീവിതത്തിൽ തല്ലിപ്പിരിയുകയും കൊന്നവരും  കൊല്ലാക്കൊല ചെയ്തവരും അർഹിക്കുന്ന ശിക്ഷ കിട്ടാതെ നിർഭയം ജയിലിലും പുറത്തും വിലസി  സാമൂഹിക വിപത്തുകൾക്ക് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. 
ഇന്നലെ വരെ സ്‌നേഹിച്ച തന്റെ പ്രണയിനിയെ ആസിഡൊഴിച്ച് വികൃതമാക്കിയിരിക്കുന്നു. കൊന്നിട്ടും കൈ തളരും വരെ കുത്തിക്കീറുന്നു നരാധമന്മാർ.  പ്രണയമില്ലാതെ എന്ത് ജീവിതം എന്നത് പ്രപഞ്ച സത്യമാണെങ്കിലും അതനുഭവിക്കുന്നവർക്ക് മറ്റൊന്നിൽ നിന്നും കിട്ടാത്ത നിർവൃതിയുമാണ്. പ്രണയിക്കുമ്പോൾ അതിരുകൾ ഇല്ലാതായിപ്പോകുന്നതാണ് കുഴപ്പം.  പുരുഷൻ ഒരു പെണ്ണിനെ പ്രണയിച്ചു തുടങ്ങിയാൽ അവൾ കടന്നു പോകുന്ന എല്ലായിടങ്ങളിലും അവന്റെ കണ്ണും മനസ്സും പിന്തുടരും. തനിക്കിഷ്ടമില്ലാത്ത നിറമുള്ള വസ്ത്രം ധരിക്കാൻ പോലും സമ്മതിക്കാതെ വിലക്കേർപ്പെടുത്തുന്ന സ്വാർത്ഥനുമാകും.
എന്നാൽ ആകസ്മികമായി വിള്ളലുണ്ടാകുമ്പോൾ ചെയ്തുകൂട്ടുന്ന ക്രൂരകൃത്യങ്ങൾക്ക് നേരേ അമ്പരപ്പോടെയാണ് സമൂഹം നോക്കിനിൽക്കുന്നത്. അപ്പോഴാണ് മനസ്സിലാവുക, ഒരു മൃഗത്തിനൊപ്പമാണ് താൻ ഇത്രയും കാലം ചെലവഴിച്ചതെന്ന്.
അവസാനം പിരിയുമ്പോൾ അങ്ങനെ ഒരാളെ കണ്ടതുപോലും അറിയാത്ത  വിധം മറക്കും.  പുരുഷമനസ്സ് അങ്ങനെയാണ്. എന്നാൽ എല്ലാവരും ഒരുപോലെയാണെന്ന് പറയുന്നതും ശരിയല്ല.
നല്ല നിലയിൽ പിരിയുമ്പോഴാണ് യഥാർത്ഥ പ്രണയമായിരുന്നു എന്ന് വിശ്വസിക്കാനാവുന്നത്.
കുഞ്ഞു പിണക്കത്തിനിടയിൽ തിരിച്ചുവരുവോളം അനുഭവിക്കുന്ന വീർപ്പുമുട്ടലിനുള്ളിലാണ് യഥാർത്ഥ പ്രണയം കുടികൊള്ളുന്നത്.

Latest News