Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ ഗൾഫിൽ നിന്ന്

ജിദ്ദ - സൗദിയിൽ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകൾ എത്തുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണെന്ന് ടൂറിസം മന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ പകുതിയിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 44.8 ലക്ഷം ടൂറിസ്റ്റുകൾ സൗദി അറേബ്യ സന്ദർശിച്ചു. ഏഷ്യയിൽ നിന്നുള്ള 41.3 ലക്ഷവും മധ്യപൗരസ്ത്യദേശത്തു നിന്നുള്ള 30.3 ലക്ഷവും യൂറോപ്പിൽ നിന്നുള്ള 13.8 ലക്ഷവും ആഫ്രിക്കയിൽ നിന്നുള്ള 13.5 ലക്ഷവും അമേരിക്കയിൽ നിന്നുള്ള 2.1 ലക്ഷവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം പേരും ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള ആറു മാസക്കാലത്ത് സൗദി അറേബ്യ സന്ദർശിച്ചു. ആറു മാസത്തിനിടെ 1.46 കോടി വിദേശ ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയത്. 
ഇക്കാലയളവിൽ രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളിൽ 31 ശതമാനം ഗൾഫിൽ നിന്നും 28 ശതമാനം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 21 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും ഒമ്പതു ശതമാനം യൂറോപ്പിൽ നിന്നും ഒമ്പതു ശതമാനം ആഫ്രിക്കയിൽ നിന്നും ഒരു ശതമാനത്തിലേറെ അമേരിക്കയിൽ നിന്നും 0.1 ശതമാനത്തിലേറെ മറ്റു രാജ്യങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. ടൂറിസ്റ്റുകളുടെ ധനവിനിയോഗം ജൂണിൽ 4,610 കോടി റിയാലായി ഉയർന്നു. ഇത് സർവകാല റെക്കോർഡ് ആണ്. ഇതിനു മുമ്പ് 2019 ഓഗസ്റ്റിലാണ് ടൂറിസം മേഖലാ ധനവിനിയോഗത്തിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നത്. 2019 ഓഗസ്റ്റിൽ 4,290 കോടി റിയാൽ വിനോദസഞ്ചാരികൾ സൗദിയിൽ ചെലവഴിച്ചിരുന്നു. ഈ റെക്കോർഡ് ഭേദിക്കാൻ ജൂണിൽ സാധിച്ചു. 
ജൂണിൽ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിൽ 2,713 കോടി റിയാൽ വിദേശ ടൂറിസ്റ്റുകളുടെയും 1,900 കോടിയോളം റിയാൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും സംഭാവനയാണ്. ജൂണിലെ ടൂറിസം മേഖലാ ധനവിനിയോഗത്തിൽ 58.8 ശതമാനം വിദേശ ടൂറിസ്റ്റുകളുടെയും 41.2 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളുടെയും വിഹിതമാണ്. 2022 ജൂൺ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 630 ശതമാനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 217 ശതമാനവും വളർച്ച രേഖപ്പെടുത്തി. 
ഈ വർഷം ആദ്യ പാദത്തിൽ ടൂറിസ്റ്റുകൾ 15,000 കോടി റിയാൽ ചെലവഴിച്ചു. ഇതിൽ 8,690 കോടി റിയാൽ വിദേശ വിനോദസഞ്ചാരികളുടെയും 6,310 കോടി റിയാൽ ആഭ്യന്തര ടൂറിസ്റ്റുകളുടെയും സംഭാവനയാണ്. ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ 63 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 8,420 കോടി റിയാലായി ഉയർന്നു. ഇത് സർവകാല റെക്കോർഡ് ആണ്. 
ഈ വർഷം ആദ്യ പകുതിയിൽ 29 ലക്ഷം വിദേശ ടൂറിസ്റ്റുകൾ വിനോദ ലക്ഷ്യത്തോടെ സൗദി അറേബ്യ സന്ദർശിച്ചു. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ വിനോദ ലക്ഷ്യത്തോടെ 6,56,000 വിദേശികളാണ് സൗദിയിലെത്തിയത്. ഇതിനെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ ആറു മാസക്കാലത്ത് വിനോദ ലക്ഷ്യത്തോടെ എത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 350 ശതമാനം തോതിൽ വർധിച്ചു. ഈ കൊല്ലം ആദ്യ പകുതിയിൽ സൗദി അറേബ്യ സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളിൽ 20 ശതമാനം വിനോദ ലക്ഷ്യത്തോടെ എത്തിയവരായിരുന്നു. 45 ശതമാനം പേർ മതപരമായ ലക്ഷ്യങ്ങളോടെയാണ് രാജ്യത്തെത്തിയത്. 65.9 ലക്ഷം വിദേശികൾ മതപരമായ ലക്ഷ്യങ്ങളോടെ ആറു മാസത്തിനിടെ സൗദിയിലെത്തി. ശേഷിക്കുന്നവർ ബിസിനസ്, കുടുംബ സന്ദർശനം, ഷോപ്പിംഗ്, സ്‌പോർട്‌സ് അടക്കമുള്ള ലക്ഷ്യങ്ങളോടെയാണ് സൗദി അറേബ്യ സന്ദർശിച്ചത്.
 

Latest News