തിരുവനന്തപുരം - കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ താന്‍ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. ഗവര്‍ണ്ണര്‍ ഈ വിഷയം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവര്‍ണര്‍ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളില്‍ അഞ്ച് പേരെ സംഘപരിവാര്‍ ബന്ധം ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ സമ്മതിക്കാതെ യോഗ ഹാളിന് മുന്നില്‍ തടഞ്ഞുവെച്ചത്. സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവിവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐയുടെ നടപടി. സെനറ്റ് യോഗത്തിനെത്തിയ സി പി എം, ലീഗ്, കോണ്‍ഗ്രസ് അംഗങ്ങളെ പ്രവേശിപ്പിച്ചപ്പോള്‍ സംഘപരിവാര്‍ ബന്ധമുള്ളവരെ തടയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പൊലീസ് എസ് എഫ് ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തില്‍ മുസ്‌ലീം ലീഗ് അംഗങ്ങള്‍ കൈയ്യാങ്കളി നടത്തിയെന്ന് ആരോപണമുയര്‍ത്തി യോഗം വേഗത്തില്‍ പിരിയുകയായിരുന്നു. ആകെ അഞ്ച് അജണ്ടകളാണ് ഉണ്ടായിരുന്നത്. ഇത് ചില അംഗങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെ കൈയ്യടിച്ച് പാസാക്കുകയാണുണ്ടായതെന്നാണ് ആരോപണം ഉയരുന്നത്.