കൊച്ചി - വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് കോടതി വാക്കാല്‍ പറഞ്ഞു. അല്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. പെന്‍ഷന്‍ കൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കണമെന്നും കോടതി പറഞ്ഞു, പെന്‍ഷനുള്ള കേന്ദ്ര വിഹിതം കഴിഞ്ഞ ഏപ്രില്‍ മുതല്‍ കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കി. 78 വയസ്സുള്ള സ്ത്രീ ക്രിസ്മസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസ്സാരമായി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാര്‍ പല ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നുണ്ട്, ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്, കോടതിക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ, 1600 രൂപ സര്‍ക്കാരിന് ഒന്നും അല്ലായിരിക്കും എന്നാല്‍ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റി.