Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ നേതാവിന് സ്ഥാനത്തിരിക്കാന്‍  നാണമുണ്ടോ? മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം-യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് ദേശവിരുദ്ധ സംഘടനയായി മാറിയെന്നാണ് റിയാസിന്റെ വിമര്‍ശനം. വ്യാജ ഐ ഡി കാര്‍ഡ് നിര്‍മ്മാണം, ഷൂ ഏറ്, ചീമുട്ട ഏറ് എന്നിവയൊക്കെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന പരിപാടികളെന്നും റിയാസ് വിമര്‍ശിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെതിരെയും പൊതുമരാമത്ത് മന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആ സ്ഥാനത്തിരിക്കാന്‍ നാണമുണ്ടോയെന്നായിരുന്നു റിയാസിന്റെ ചോദ്യം.
അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്. ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പോലീസ് നല്ല ആത്മസംയമനം പാലിച്ചുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടത്. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ ആസൂത്രിത നീക്കമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നുമാണ് മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്റണിണി രാജുവും സംയുക്ത വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ എതിരഭിപ്രായം ഉണ്ടായിട്ടും എല്‍ ഡി എഫ് പരസ്യ പ്രതിഷേധത്തിലേക്ക് പോയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയ ബാലഗോപാല്‍, മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങള്‍ക്ക് അടുത്തേക്ക് പോകേണ്ടെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ചോദിച്ചു.

Latest News