മലപ്പുറം - യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കാൻ മുസ്‌ലിം ലീഗിനെ പരമാവധി പ്രീണിപ്പിക്കാൻ ശ്രമിച്ച പിണറായി സർക്കാറിനെതിരേ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്ത്. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും പോലീസ് നടപടികൾ ഉണ്ടായതോടെയാണ് ലീഗ് നേതാക്കൾ കടുത്ത ഭാഷയിൽ പിണറായി സർക്കാറിനും പോലീസിനുമെതിരെ രംഗത്തുവന്നത്.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും നവകേരള ബസ് യാത്ര ദുരന്തമായി മാറിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഭരിക്കുന്നവർ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ബസിൽ യാത്രചെയ്ത മന്ത്രിമാർ പോയിടത്തൊക്കെ കലാപം ഉണ്ടാവുന്നു. അവരാണ് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്ത് പ്രതിഷേധിക്കുന്നവർക്ക് പോലും തലോടലായിരുന്നു. അക്രമികൾക്ക് അദ്ദേഹം മാപ്പ് നൽകിയെങ്കിൽ ഇവിടെ ജനാധിപത്യ പ്രതിഷേധങ്ങളോട് പോലും കടുത്ത അസഹിഷ്ണതയും പോലീസ് രാജുമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരെ പോലീസും പാർട്ടിക്കാരും ചേർന്ന് തല്ലുന്ന അത്യന്തം ഹീനമായ നടപടികൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഇത് കണ്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദുർഭരണക്കാരെ ജനം വലിച്ചെറിയുമെന്നും യു.ഡി.എഫിനെ ജനങ്ങൾ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. താത്കാലിക തിരിച്ചടി ഉണ്ടായാലും ഇന്ത്യ മുന്നണി ഇന്ത്യയെ മോചിപ്പിക്കും. അടുത്ത തെരെഞ്ഞെടുപ്പിലും ബി.ജെ.പി എന്ന് കണക്കു കൂട്ടേണ്ട. കൂട്ടായി നിന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലേത് ദുർഭരണമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗിന്റെ യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായെന്നും ആരോഗ്യ മേഖല രോഗ ഗ്രസ്തമായെന്നും ആരോപിച്ച അദ്ദേഹം ഈ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.