Sorry, you need to enable JavaScript to visit this website.

യൂത്ത് കോൺഗ്രസ് മാർച്ചിന് രക്ഷാകവചമൊരുക്കിയ പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി; 300 പേർക്കെതിരെ കേസെടുക്കും

തിരുവനന്തപുരം - തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കന്റോണ്മെന്റ് പോലീസ് കേസെടുത്തത്. 
 വി.ഡി സതീശന് പുറമേ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം വിൻസന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി തുടങ്ങി 26 പേരെ കേസിൽ പ്രതി ചേർത്ത പോലീസ് കണ്ടാലറിയാവുന്ന 300 പേരെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് വിവരം.
 നവകേരള സദസ്സിനെതിരെയുള്ള കരിങ്കൊടി പ്രതിഷേധക്കാർക്കു നേരെ പോലീസും സി.പി.എം പ്രവർത്തകരും കാണിക്കുന്ന ക്രൂരമായ മർദ്ദനങ്ങൾക്കും പോലീസ് രാജിനുമെതിരേ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് അക്രമാസക്തമായിരുന്നു. സമരക്കാർ മൂന്ന് പോലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തതിനു പുറമെ സംഘർഷത്തിൽ നിരവധി സമരക്കാർക്കും എട്ടു പോലീസുകാർക്കും പരുക്കേൽക്കുകയുമുണ്ടായി. വനിതാ പ്രവർത്തകയുടെ വസ്ത്രം ആൺ പോലീസ് വലിച്ചുകീറിയതുൾപ്പെടെയുള്ള സംഭവങ്ങളുമുണ്ടായി. അഞ്ചുതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ വീറോടെ സമരമുഖം ജ്വലിപ്പിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
 സംഘർഷത്തിന് പിന്നാലെ 22 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ ഡി.സി.സി ഓഫീസിൽ കയറി പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. നവകേരള സദസ്സിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച പാർട്ടി പ്രവർത്തകരെ വളഞ്ഞിട്ടാക്രമിച്ച പോലീസ്-സി.പി.എം നടപടിയിൽ അണപൊട്ടിയുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായത്. ആദ്യത്തിൽ പോലീസ് പരമാവധി സംയമനം പാലിച്ചെങ്കിലും പിന്നീട് സമരക്കാരെ നന്നായി കൈകാര്യം ചെയ്യുകയായിരുന്നു. അപ്പോഴെല്ലാം പോലീസ് നടപടികൾക്കെതിരെ രംഗത്തുവരികയും സമരക്കാർക്ക് രക്ഷാകവചമൊരുക്കിയതും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലായിരുന്നു. മാർച്ച് അക്രമാസക്തമായതിന് പിന്നാലെ ഡി.സി.സി ഓഫീസിലെത്തിയ സമരക്കാരെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരോട് എന്താണ് നിങ്ങൾക്കിവിടെ കാര്യമെന്നും ഓഫീസിലേക്ക് കടക്കാൻ പറ്റില്ലെന്നും പറഞ്ഞ് രൂക്ഷമായി അദ്ദേഹം പോലീസിനോട് പ്രതികരിക്കുകയുമുണ്ടായി.

Latest News