ന്യൂദല്‍ഹി - പ്ലസ് ടു കോഴക്കേസില്‍ മുസ്‌ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇ ഡി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ഷാജി ഉള്‍പ്പെടെയുള്ള കേസിലെ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയിലും കോടതി കെ എം ഷാജിക്ക് നോട്ടീസ് അയച്ചിരുന്നു. രണ്ട് ഹര്‍ജികളും സുപ്രീംകോടതി പിന്നീട് ഒന്നിച്ച് പരിഗണിക്കും. 2014ല്‍ കണ്ണൂരിലെ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയും കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19 ന് ഈ കേസില്‍ കെ എം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്.