ജിദ്ദ - സൗദിയിൽ വെച്ച് നിരവധി രംഗങ്ങൾ ചിത്രീകരിച്ച, ഷാറൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ഡൻകി സൗദിയിലെയും ലോകത്തെങ്ങുമുള്ള തിയേറ്ററുകളിലും നാളെ പ്രദർശനം ആരംഭിക്കുമെന്ന് സൗദി ഫിലിം കമ്മീഷൻ അറിയിച്ചു. സൗദി ഫിലിം കമ്മീഷന്റെയും വിഷൻ 2030 പ്രോഗ്രാമുകളിൽ ഒന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെയും പിന്തുണയോടെ അതുല്യമായ ഭൂമിശാസ്ത്രപരമായ വൈവിധ്യം നിറഞ്ഞ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഡൻകിയിൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.
ജിദ്ദ, തബൂക്ക്, ഫ്യൂച്ചർ സിറ്റിയായ നിയോം അടക്കം സൗദിയിലെ വിവിധ നഗരങ്ങളിൽ ചിത്രീകരിച്ച ഡൻകിയുടെ നിർമാണത്തിൽ 15 ലേറെ സൗദി സാങ്കേതിക വിദഗ്ധർ പങ്കെടുത്തിട്ടുണ്ട്. മേഖലാ, ആഗോള തലത്തിൽ സിനിമാ ഡെസ്റ്റിനേഷനാക്കി സൗദി അറേബ്യയെ മാറ്റാനും സിനിമാ നിർമാണത്തിനും ചിത്രീകരണത്തിനും ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും ഈ മേഖലയിൽ സൗദി അറേബ്യയുടെ മത്സരശേഷി ഉയർത്താനുമാണ് സൗദി ഫിലിം കമ്മീഷൻ ശ്രമിക്കുന്നത്. സൗദിയിലെ വിവിധ നഗരങ്ങളിൽ 13 ദിവസമാണ് ഡൻകിയിൽ നിന്നുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. നേരത്തെ ഹോളിവുഡ് സിനിമ കാണ്ഡഹാറിൽ നിന്നുള്ള രംഗങ്ങളും സൗദിയിൽ ചിത്രീകരിച്ചിരുന്നു.