കൊച്ചി- എട്ടുപേര്‍ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി ഐജി ഓഫീസ് മാര്‍ച്ച് നടത്തി. അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്ഘാടനം ചെയ്ത എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടെഞ്ചിറ പറഞ്ഞു.
പ്രതി നല്‍കിയതല്ലാത്ത തെളിവുകള്‍ കണ്ടെത്താനും തൊണ്ടിമുതല്‍ ശേഖരിക്കുവാനും പോലീസ് തയ്യാറാകാത്തത് തെറ്റായ സമീപനമാണ്. എറണാകുളം ജില്ലയിലെ ഏറ്റവും തന്ത്രപ്രധാനമായ കളമശ്ശേരിയില്‍ നടന്ന ഭീകരാക്രമണം നിസ്സാരവല്‍ക്കരിക്കാനുള്ള പോലീസിന്റെ ശ്രമം അപകടം വിളിച്ചുവരുത്തും. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുവാനുള്ള സംഘപരിവാര്‍, കാസ പോലുള്ള സംഘടനകളുടെ ശ്രമങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹം ഒന്നടങ്കം ഒന്നിച്ചു നില്‍ക്കണമെന്നും, അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിച്ച് പോലീസ് മുഴുവന്‍ പ്രതികളെയും കണ്ടെത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര കേരളത്തിന്റെ പ്രതിച്ഛായക്കും കേരള പോലീസിന് ഇപ്പോഴുള്ള വിശ്വാസ്യതയ്ക്കും കേരള പോലീസ് മാര്‍ട്ടിനോട് കടപ്പെട്ടിരിക്കുന്നു എന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്താന്‍ തയ്യാറായില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ സംഘപരിവാര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കുള്ള വര്‍ഗീയ വിഭജനം നോക്കി നില്‍ക്കാന്‍ മാത്രമേ പോലീസിന് കഴിയുമായിരുന്നുള്ളു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് തെരേസസ്സ് കോളേജിനു മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് ,വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ സിയാദ്, ജില്ലാ സെക്രട്ടറി ബാബു മാത്യു, സിറാജ് കോയ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരരായ ഷെമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്,ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് കെ എം ലത്തീഫ്, സെക്രട്ടറിമാരായ കെ എ മുഹമ്മദ് ഷമീര്‍, ഷിഹാബ് പടന്നാട്ട്, നാസര്‍ എളമന സി എസ് ഷാനവാസ്,സുധീര്‍ ഏലൂക്കര, ഹാരിസ് ഉമര്‍ ,എന്‍ കെ നൗഷാദ് , കബീര്‍ കോട്ടയില്‍,അനു വി ശേഖര്‍ എന്നിവര്‍ നേതൃത്വം നല്‍കി.