Sorry, you need to enable JavaScript to visit this website.

സ്പീക്കറെ തള്ളി മന്ത്രി ശിവൻകുട്ടി; 'പരിണിതപ്രജ്ഞനായ ഒരാളിൽനിന്ന് ഉണ്ടാകേണ്ടതാണോ ഗവർണറിൽ നിന്ന് ഉണ്ടായത്?'

തിരുവനന്തപുരം - ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയാണെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ വാദം തള്ളി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ഗവർണർ പരിണിതപ്രജ്ഞനായ വ്യക്തിയല്ലെന്നും സംസ്‌കാരമുള്ള ഒരാളുടെ വായിൽ നിന്ന് വരുന്ന പ്രയോഗങ്ങളല്ല ഗവർണറിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
  ഗവർണർ എന്ന നിലയിലും ചാൻസലർ എന്ന നിലയിലും പരിണിതപ്രജ്ഞനായ വ്യക്തിയല്ല ഗവർണറെന്ന് അദ്ദേഹത്തിന്റെ ചെയ്തികൾ ഓർമിപ്പിക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ ബ്ലഡി ക്രിമിനൽസ് എന്നാണ് ഗവർണർ വിളിച്ചത്. വിദ്യാർത്ഥികൾ സമരം ചെയ്യാൻ കാരണം ഗവർണറുടെ ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളുമാണ്. സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ പോരാട്ടങ്ങളിലും നവോത്ഥാന മുന്നേറ്റത്തിലും വർഗീയതക്കെതിരെയും നിരവധി പോരാട്ടങ്ങൾ നടത്തി രക്തസാക്ഷികളായവരുടെ നാടാണ് കണ്ണൂർ. ആ കണ്ണൂരിനെ ബ്ലഡി കണ്ണൂർ എന്നാണ് ഗവർണർ വിശേഷിപ്പിച്ചത്. പോലീസിനെ ഷെയിംലെസ്സ് പീപ്പ്ൾ എന്നാണ് സംബോധന ചെയ്തത്. രാജ്യത്തെ മതേതര മനസുകൾ നിലപാടുകൾക്ക് ഉറ്റു നോക്കുന്ന കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തിയ വ്യക്തിയാണ് ഗവർണർ. ഭരണഘടനാ പദവിയിലുള്ള ഒരാളിൽ നിന്നുണ്ടാകേണ്ട പരാമർശങ്ങൾ ആണോ ഇതെല്ലാമെന്നും മന്ത്രി ചോദിച്ചു.
 ഗവർണർ-സർക്കാർ പോരിനിടെ അത് അവസാനിക്കുമെന്നാണ് ശുഭ പ്രതീക്ഷയെന്നും ഗവർണർ പരിണിത പ്രജ്ഞനാണെന്നും സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞിരുന്നു. ഗവർണർ എന്ന നിലയിൽ ഔചിത്യം പാലിക്കണമെന്നും ഗവർണർ തെരുവ് യുദ്ധത്തിലേയ്ക്ക് പോകരുതെന്നും ഷംസീർ ആവശ്യപ്പെട്ടിരുന്നു.

Latest News