Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രിമിനൽവൽക്കരണത്തിന് വിധേയമാകുന്ന കേരള രാഷ്ട്രീയം

അമിതമായ കക്ഷിരാഷ്ട്രീയം ഒരു സമൂഹത്തെ എങ്ങനെയാണ് ക്രിമിനൽവൽക്കരിക്കുന്നതെന്നതിനും ഒപ്പം അരാഷ്ട്രീയവൽക്കരിക്കുന്നതെന്നതിനും ഉദാഹരണമാണ് ഇപ്പോൾ കേരളം. ഈ ക്രിമിനൽ - അരാഷ്ട്രീയവൽക്കരണത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ വയോധികരും കൗമാരക്കാരും യുവജനങ്ങളുമാണ് എന്നതാണ് കൗതുകകരം. സംസ്ഥാനത്തിന്റെ ഭരണത്തലവന്മാരായ രണ്ടുപേർ തെരുവിലിറങ്ങി പൗരന്മാരെ വെല്ലുവിളിക്കുന്ന കാഴ്ചക്കാണ് ഏതാനും ദിവസമായി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. ആ വെല്ലുവിളി ഏറ്റെടുത്ത് യുവജനങ്ങൾ തെരുവിലിറങ്ങുന്നു, സംസ്ഥാനമാകെ തെരുവു യുദ്ധം അരങ്ങേറുന്നു. ഒരു വശത്ത് കെഎസ്‌യു, യൂത്ത് കോൺഗ്രസുകാരും മറുവശത്ത് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐക്കാരുമാണ് രംഗത്തിറങ്ങുന്നത്. ഇരുകൂട്ടർക്കും അവരവരുടേതായ ന്യായീകരണങ്ങളുണ്ടാകാം. എന്നാൽ ഫലത്തിൽ എല്ലാവരും കൂടി കശാപ്പു ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തെയാണ്.
ഗവർണറും എസ്.എഫ്.ഐയുമായുള്ള സംഘർഷത്തിന്റെ കേന്ദ്രം ഇപ്പോൾ കോഴിക്കോടാണ്. എന്നാലതു സംസ്ഥാനമാകെ വളരാൻ സാധ്യതയുണ്ട്. തികഞ്ഞ കക്ഷിരാഷ്ട്രീയം മാത്രമാണ് ഈ സംഘർഷത്തിനു പിറകിലെന്നതു വ്യക്തമാണ്. 
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഗവർണർ കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറെ പുനർനിയമിച്ചത് കോടതി റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടാകുമായിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല. അതുപോലെ നവസ ദസ്സിനെതിരായ കെഎസ്‌യു യൂത്ത് കോൺഗ്രസ് സമരങ്ങളും ഇല്ലാതിരുന്നെങ്കിലും. ഒരു സംശയവുമില്ല, രാജ്യമെമ്പാടും സംഘപരിവാർ ശക്തികൾ മറ്റെല്ലാറ്റിനുമൊപ്പം സർവകലാശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ചരിത്ര സ്ഥാപനങ്ങളുമെല്ലാം ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുക തന്നെയാണ്. ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായ കാവിവൽക്കരണമല്ലാതെ മറ്റൊന്നുമല്ല. 
അതിന്റെ ഭാഗമായാണ് യാതൊരു യോഗ്യതയുമില്ലാത്തവരെ സെനറ്റിലേക്കും മറ്റും നോമിനേറ്റ് ചെയ്യുന്നത്. അതിനെ എതിർക്കേണ്ടത് ജനാധിപത്യ മതേതര ശക്തികളുടെ കടമയാണ്. ആ അർത്ഥത്തിൽ എസ് എഫ്‌ഐ പ്രക്ഷോഭം പിന്തുണക്കപ്പെടേണ്ടതുമാണ്. സമരത്തിനെതിരെ ഒരു നിലവാരവുമില്ലാത്ത ഗുണ്ടകളെ പോലുള്ള ഗവർണറുടെ ആക്രോശങ്ങൾ എതിർക്കപ്പെടേണ്ടതുമാണ്. 
അപ്പോഴും ഈ സമരത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല.  മുകളിൽ പറഞ്ഞപോലെ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട വിധിയില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ടയാളെ വിസിയാക്കിയതിനു നന്ദിസൂചകമായി ഗവർണർ ചെയ്തതൊന്നും ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല എന്നു മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം ധാരാളമാണ്. 
അല്ലെങ്കിൽ തന്നെ ഇവിടെ നടക്കുന്നത് മറ്റൊന്നുമല്ലല്ലോ. അർഹതപ്പെട്ട എത്രയോ പേരെ മറികടന്നാണ് തങ്ങൾക്കു വേണ്ടപ്പെട്ടവരെ ഇടതു സർക്കാർ എല്ലാ മേഖലകളിലും നിയമിക്കുന്നത്. സർവകലാശാലകളിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല സമസ്തമേഖലകളിലും അതു തന്നെയാണ് നടക്കുന്നത്. എത്രയോ വിഷയങ്ങളിൽ കോടതികൾ തന്നെ ഇടപെട്ടുകൊണ്ടിരിക്കുന്നു. കാവിവൽക്കരണത്തേക്കാൾ ഭേദമല്ലേ ചുവപ്പുവൽക്കരണം എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം അതും അപകടകരമാണ്. നിരവധി പേരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതുമാണ്. 
അതിനാൽ തന്നെ ഈ സമരം ആത്മാർത്ഥമാണെന്നു വിശ്വസിക്കാനോ അതിന്റെ പിറകിലെ താൽപര്യം കക്ഷിരാഷ്ട്രീയമല്ല എന്നു കരുതാനോ കഴിയില്ല. 
മറ്റൊന്നു കൂടി. അത് സമര രീതിയെ കുറിച്ചാണ്. കരിങ്കൊടിയുമായി ഗവർണറെ തടുക്കുമെന്നാണ് എസ്എഫ്‌ഐ പ്രഖ്യാപനം. തിരുവനന്തപുരത്ത് അതേറെക്കുറെ ചെയ്തു. എന്നാൽ അവരെവപോലും ഞെട്ടിച്ചായിരുന്നു ഗവർണർ വെല്ലുവിളിയുമായി പുറത്തിറങ്ങിയത്. പക്വതയുള്ള ഒരു ഭരണാധികാരിക്കും ചേർന്ന സമീപനമല്ല അത്. അതിനും ശേഷം കോഴിക്കോട്ട് ഗവർണർ വരുന്നതിനു മുമ്പും പിമ്പുമായിരുന്നു എസ്എഫ്‌ഐ പ്രക്ഷോഭം. ഗവർണർ വരുമ്പോൾ ഒന്നും സംഭവിച്ചില്ല. പിന്നെ കണ്ടത് ഗവർണർക്കെതിരായ കറുത്ത ബാനറുകളായിരുന്നു. 
ഭരണാധികാരിക്കു ചേർന്ന രീതിയിലല്ല ഗവർണർ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ കുറെ ദിവസങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെ തനി ഗുണ്ടകളെ പോലെ നിയമം കൈയിലെടുത്ത് തെരുവിലിട്ട് തല്ലിച്ചതച്ചത് ഇതേ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരാണെന്നതാണ് തമാശ. ആ ഗുണ്ടായിസത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റും അതേ സമര രീതി ഗവർണർക്കെതിരെ പ്രയോഗിക്കുന്നതിനെ ന്യായീകരിക്കുന്നതിനു പിറകിലുമുള്ളത് കക്ഷിരാഷ്ട്രീയ താൽപര്യം മാത്രം. മാത്രമല്ല, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ തല്ലിച്ചതക്കുന്ന പോലെ തിരിച്ചു തങ്ങളെ തല്ലിച്ചതക്കാവുന്ന ശക്തി കേരളത്തിൽ ഒരു സംഘടനക്കുമില്ല എന്ന ഉറപ്പും. 
ഇടക്ക് കണ്ണൂർ രാഷ്ട്രീയത്തെ അധിക്ഷേപിച്ച് ഗവർണർ സംസാരിച്ചതും വിവാദമായി. അവിടെയും പക്വതയില്ലാത്ത, ഒരു ഭരണാധികാരിക്കു ചേരാത്ത സമീപനമായിരുന്നു ഗവർണറുടേത്. എന്നാൽ ആ പറഞ്ഞതിനെ പൂർണമായി തള്ളാനും കണ്ണൂരിൽ ഏറെക്കാലം നടന്ന കൊലപാതക രാഷ്ട്രീയം ഓർക്കുന്നവർക്കാകില്ല. സ്വാതന്ത്ര്യ സമര കാലത്തെ കണ്ണൂരിനെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയും മറ്റും ഗവർണർക്ക് മറുപടി പറഞ്ഞത്. അതു ശരിയാകാം. 
എന്നാൽ അതിനൊക്കെ ശേഷം പതിറ്റാണ്ടുകൾ നീണ്ട കുടിപ്പകക്കും കൊലപാതക പരമ്പരകൾക്കും കണ്ണൂർ സാക്ഷ്യം വഹിച്ചിരുന്നു. തുടങ്ങിവെച്ചത് കോൺഗ്രസ് തന്നെയായിരുന്നു. പിന്നെയത് ആർഎസ്എസ് - സിപിഎം കൊലപാതക പപമ്പരയായി വളരുകയായിരുന്നു. മാതാപിതാക്കളുടെ മുന്നിൽ വെച്ച് മകനെയും വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് അധ്യാപകനെയും ജനകീയ വിചാരണ നടത്തി പരസ്യമായി യുവാവിനെയും ഒരു കുടുംബം ജീവിച്ചിരുന്ന അയൽപക്കക്കാരെയുമെല്ലാം കൊന്നുതള്ളിയ സംഭവങ്ങളും കൊല്ലപ്പെട്ടവരുടെ പേരെഴുതിയ ബോർഡുകൾ മത്സരിച്ച് വെച്ച സംഭവങ്ങളും ആരും സൃഷ്ടിച്ച ഭാവനയൊന്നുമല്ലല്ലോ. 
സത്യത്തിൽ കേരളം ഒന്നടങ്കം സമരം ചെയ്യേണ്ടത് ഗവർണർ എന്ന പദവി റദ്ദാക്കാനാവശ്യപ്പെട്ടാണ്. ഒരു ജനാധിപത്യ സംവിധാനത്തിനും ഫെഡറലിസത്തിനും  അനുയോജ്യമായ പദവിയല്ല ഗവർണറുടേത്. ഗവർണർ തെരഞ്ഞെടുക്കപ്പെടുന്നതും ജനാധിപത്യപരമായല്ല. തങ്ങൾ ഒതുക്കാനാഗ്രഹിക്കുന്നവരെയാണ് ഭരണ പാർട്ടികൾ എപ്പോഴും ഗവർണറാക്കുന്നത് എന്നു വ്യക്തം. 
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വിരട്ടുകയാണ് കാലങ്ങളായി ഗവർണർമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ആ പദവി റദ്ദാക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെങ്കിലും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു നേതൃത്വം നൽകാൻ കേരളത്തിനാകണം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുകയാണ് വേണ്ടത്. 

Latest News