കേരളത്തിലെ ട്രെയിൻ യാത്രയിലെ അതിരൂക്ഷമായ പ്രശ്‌നങ്ങൾ പാർലമെന്റിൽ പിന്നിട്ട വാരത്തിൽ ചർച്ച ചെയ്യുകയുണ്ടായി. വടകര എം.പി മുരളീധരനാണ് വിഷയമെടുത്തിട്ടത്. പിന്നിട്ട രണ്ടു മാസത്തിനിടെ ട്രെയിൻ യാത്രക്കാർ ഏറെ പ്രയാസമനുഭവിച്ച മേഖലയാണ് കോഴിക്കോട്, കണ്ണൂർ ജില്ലകൾ. ജോലിക്കും വിദ്യാഭ്യാസത്തിനും കണ്ണൂരിനും കോഴിക്കോടിനുമിടയിലുള്ളവർ കഴിഞ്ഞ നാല് ദശകങ്ങളിലേറെയായി ഏറ്റവും ആശ്രയിക്കുന്ന ട്രെയിനാണ് പരശുറാം. തുടങ്ങിയ കാലത്ത് ഇതിലെ യാത്രക്ക് ഒരു ഗമയൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌റ്റോപ്പുകളുള്ള എക്‌സ്പ്രസ് ട്രെയിനാണിത്. അമ്പതിടത്ത് വണ്ടി നിർത്തുന്നു.
വടക്കേ മലബാറിലെ പ്രധാന നഗരങ്ങളായ കണ്ണൂർ, തലശ്ശേരി, വടകര എന്നിവിടങ്ങളിലെത്തുമ്പോഴാണ് റെക്കോഡ് തിരക്ക്. അടുത്തിടെ തലശ്ശേരിയിലും വടകരയിലും പരശുറാം എകസ്പ്രസിലെ അനിയന്ത്രിതമായ തിരക്ക് കാരണം പതിവു യാത്രക്കാരികൾ ബോധം കെട്ടുവീണ സംഭവങ്ങളുണ്ടായെന്ന് മുരളി വിശദീകരിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിച്ച മുരളി പിന്നീട് ദൽഹിയിൽ റെയിൽവേ ബോർഡ് ചെയർപേഴ്‌സനെ നേരിൽ കണ്ടും സംസാരിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്നാണ് അവർ മുരളിക്ക് ഉറപ്പ് നൽകിയത്. ആർ.എം.പിയുടെ കേരളത്തിലെ ഏക എം.എൽ.എ ഇക്കാര്യം ചർച്ച ചെയ്യാൻ പാലക്കാട് ഡിവിഷണൽ മാനേജറെ നേരിൽ കണ്ടിരുന്നു. ഈ ട്രെയിൻ പുറപ്പെടുന്നത് കേരളത്തിന് വെളിയിൽ നാഗർകോവിൽ ജംഗ്്ഷനിൽ നിന്നാണ്. അവിടെ ഇപ്പോൾ പ്ലാറ്റ്‌ഫോം നവീകരണം നടക്കുകയാണ്. രണ്ടു മാസം കഴിഞ്ഞാൽ പരശുറാമിൽ ഇനിയും അഡീഷണൽ കോച്ചുകൾ ഘടിപ്പിക്കുമെന്നാണ് ഡി.ആർ.എം കെ.കെ. രമക്ക് ഉറപ്പ് നൽകിയത്.
റെയിൽവേ ബോർഡ് ചെയർപേഴ്‌സനെ കണ്ട മുരളി സ്വന്തം മണ്ഡലത്തിൽ കൂടുതൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഗുജറാത്തിലെ വെരാവലിൽ നിന്ന് കൊച്ചുവേളിയിലേക്ക് വരുന്ന ട്രെയിനിനും എറണാകുളം-പുനെ, കൊച്ചു വേളി-നിസാമുദ്ദീൻ എക്‌സ്പ്രസുകൾക്കും വടകരയിൽ സ്റ്റോപ്പ് വേണമെന്നാണ് മുരളി പറഞ്ഞത്. ഇതിൽ വടകരയുടെ എം.പിക്ക് പിഴവ് പറ്റി. ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ വെരാവലിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എക്‌സ്പ്രസിന് ഇപ്പോൾ തന്നെ വടകരയിൽ സ്‌റ്റോപ്പുണ്ട്. എം.പി ഉദ്ദേശിച്ചിരിക്കുക മുംബൈ എൽ.ടി.ടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് വരുന്ന പാവപ്പെട്ടവരുടെ എയർകണ്ടീഷന്റ് ട്രെയിനായ ഗരീബ് രഥിനെയോ രാജസ്ഥാനിൽ നിന്ന് വരുന്ന ശ്രീഗംഗാനഗർ കൊച്ചുവേളി എക്‌സ്പ്രസിനെയോ ആയിരിക്കും.
ഏതായാലും ഇത്തരം കാര്യങ്ങളിൽ ഇടപെടാതിരുന്ന എം.പിമാർ പോലും ജനകീയ വിഷയങ്ങൾ പാർലമെന്റിലും ഉദ്യോഗസ്ഥ മേധാവികളോടും ചർച്ച ചെയ്യാൻ തുടങ്ങിയത് നല്ല കാര്യം തന്നെ. പാർലമെന്റ് തെരഞ്ഞെടുപ്പിന് അധികം മാസങ്ങളില്ലെന്നതും ഒരു കാരണമായിരിക്കും.
ആവശ്യങ്ങളുന്നയിച്ച് നേടിയെടുക്കുന്ന കാര്യത്തിൽ ഉത്തര കേരളത്തിൽ നിന്നുള്ള എം.പിമാരാണ് പിന്നിൽ.
കൊല്ലത്തെ പ്രേമചന്ദ്രൻ, കോട്ടയത്തെ തോമസ് ചാഴിക്കാടൻ, തിരുവനന്തപുരത്തെ ശശി തരൂർ, അടൂരിലെ കൊടിക്കുന്നിൽ സുരേഷ്, എറണാകുളത്തെ ഹൈബിയും മറ്റും മികവ് പ്രകടിപ്പിക്കുന്നവരാണ്. കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താനും മോശമല്ല.
കോട്ടയം എം.പി ചാഴിക്കാടൻ പിന്നിട്ട വാരത്തിൽ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് പാലായിലെത്തിയപ്പോൾ അദ്ദേഹം ആവശ്യങ്ങൾ ഉന്നയിച്ചത് ക്യാപ്റ്റന് രസിച്ചില്ല. പാലാ നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ പാലം നിർമാണം ത്വരിതപ്പെടുത്തുക, സ്റ്റേഡിയം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചതിനെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ചിലർക്ക് ഈ യാത്രയുടെ ഉദ്ദേശ്യം മനസ്സിലായില്ലെന്ന് തോന്നുന്നു. ഞങ്ങൾ കുറച്ചാളുകൾ പരാതി പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചതൊന്നുമല്ല.
കോട്ടയം എംപിക്ക് യുഡിഎഫ് കാലത്തെ ഹാംഗ് ഓവർ വിട്ടുമാറിയില്ലായിരിക്കാം. എന്തായാലും ഈ എം.പി ജനപ്രതിനിധിയെന്ന നിലയിൽ നല്ല പെർഫോമൻസാണ് പ്രകടിപ്പിക്കുന്നത്. അടുത്തിടെ പലവുരു കോട്ടയം-പാലാ ഭാഗങ്ങളിൽ യാത്ര ചെയ്തപ്പോൾ തോമസ് ചാഴിക്കാടന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന നിരവധി പോസ്റ്ററുകൾ കാണാനിടയായി. ഏറ്റുമാനൂരിൽ ട്രെയിൻ സ്‌റ്റോപ്പ് അനുവദിച്ചത് മുതൽ ബസ് സ്റ്റാൻഡ് പോലുള്ള ബസ് ഷെൽട്ടർ പണിതതിനെല്ലാം അഭിനന്ദനം കണ്ടു. താരതമ്യേന സ്റ്റോപ്പ് കുറവുള്ള ട്രെയിനാണ് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഗരീബ് രഥ്. എന്നാൽ ഇത് കോട്ടയം വിട്ടാൽ പതിനഞ്ചു മിനിറ്റിനകം നിർത്തും. ചങ്ങനാശ്ശേരിയാണ് അടുത്ത സ്റ്റോപ്പ്.
1990 കളിൽ കോട്ടയത്ത് ജോലി ചെയ്ത കാലത്ത് കോട്ടയം രണ്ടു പ്ലാറ്റുഫോമുകളുള്ള ചെറിയ റെയിൽവേ സ്‌റ്റേഷനായിരുന്നു. ഇപ്പോൾ ആറ് പ്ലാറ്റുഫോമുള്ള ടെർമിനസ് പദവിയുള്ള സ്റ്റേഷനായി മാറി. എം.പി വെറുതെയിരുന്ന് പത്രത്തിന്റെ സിറ്റി എഡിഷനിൽ പ്രസ്താവന കൊടുത്താൽ മാത്രം ഇങ്ങനെ ആകില്ലെന്ന് എല്ലാവർക്കുമറിയാം. കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തുടങ്ങാനിരിക്കേ രസകരമായ ഒരു സംഭവമുണ്ടായി. ചെന്നൈയിൽ നിന്ന് ഇതിന്റെ റേക്ക് മംഗലാപുരത്തെത്തിച്ചതായിരുന്നു. എവിടേക്ക് ഓടുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിനാണെന്ന് അറിയാം. അതാ വരുന്നു, കോട്ടയം എം.പിയുടെ നിർദേശം. പുതിയ ട്രെയിൻ കാസർകോട്ടു നിന്ന് കോട്ടയത്തേക്ക് ഓടിച്ചാൽ മതി. ഇഷ്ടം പോലെ പ്ലാറ്റുഫോമുകളുണ്ട്. എറണാകുളത്തെ തിരക്കിന്റെ പ്രശ്‌നം ഇവിടെയില്ല. പിന്നീട് ട്രെയിൻ കാസർകോട്-തിരുവനന്തപുരം റൂട്ടിൽ ഓടിക്കുകയായിരുന്നു. അതും ആലപ്പുഴ വഴി. തുടങ്ങിയ അന്നു മുതൽ പ്രശ്‌നങ്ങളും. വന്ദേഭാരത് വന്നതോടെ മറ്റു ട്രെയിനുകൾ ലേറ്റാവുന്നു. ആലപ്പുഴ വഴി ട്രെയിൻ വന്നപ്പോൾ ഫ്ഌക്‌സ് വെച്ച് സ്വാഗതം ചെയ്ത ആരിഫ് എം.പി യാത്രക്കാർക്കൊപ്പം പ്രതിഷേധിക്കാനിറങ്ങി. ട്രെയിനിലും പ്ലാറ്റുഫോമുകളിലും ബാനറുയർത്തി എം.പി രംഗത്തെത്തി. എന്നാലിതും കോട്ടയം വഴിയാക്കാമെന്ന് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയതോടെയാണ് എം.പി ഒന്നടങ്ങിയത്. കായംകുളം-എറണാകുളം പാത പൂർണമായും ഇരട്ടിപ്പിച്ചില്ലെന്നതും പ്രശ്‌നമാണ്.
കേരളത്തിലിപ്പോൾ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസ് സർവീസുകളാണുള്ളത്. രണ്ടെണ്ണം തിരുവനന്തപുരം-കാസർകോട് റൂട്ടിലും ഒരെണ്ണം കോട്ടയം-ചെന്നൈ റൂട്ടിലും. ഇത് ശബരിമല സ്‌പെഷ്യലാണെങ്കിലും റെഗുലർ സർവീസാവാനും സാധ്യത. വൈകാതെ ഒരെണ്ണം കൂടിയെത്തുമെന്ന് ശ്രുതിയുണ്ട്. നിർദിഷ്ട കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന.
കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്‌നം തീർക്കാൻ കുറെ വന്ദേഭാരത് ട്രെയിനുകൾ തുടങ്ങിയത് കൊണ്ട് കാര്യമില്ല. സാധാരണക്കാർക്ക് താങ്ങാനാവാത്ത യാത്ര നിരക്കാണ് വന്ദേഭാരത് ട്രെയിനിലെന്നത് പലരെയും അകറ്റുന്നുവെന്നത് വസ്തുതയാണ്.
കോഴിക്കോട്ടു നിന്ന് എറണാകുളത്ത് ഈ ട്രെയിനിലെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാൻ ആയിരം രൂപ വേണം. എന്നാൽ സാധാരണ എക്‌സ്പ്രസ് ട്രെയിനിന് നൂറ് രൂപയും ജനശതാബ്ദി പോലുള്ള അതിവേഗ ട്രെയിനിൽ ചെയർ കാറിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ 125 രൂപയും മതി. ഇതിലും ചെലവ് കുറഞ്ഞ യാത്ര സംവിധാനമാണ് മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂനിറ്റ്) ട്രെയിനുകൾ. 45 രൂപ മതി കോഴിക്കോട്-കണ്ണൂർ യാത്രക്ക്. എല്ലായിടത്തും നിർത്തുമെങ്കിലും അധിക സമയമെടുക്കാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ മെമു ട്രെയിനുകൾക്ക് കഴിയും. തെക്കൻ കേരളത്തിൽ അത്യാവശ്യത്തിന് മെമു സർവീസുകളുണ്ടെങ്കിലും വടക്ക് അത്ര തന്നെ ഇല്ല. ഷൊർണൂരിൽ നിന്ന് അതിരാവിലെ (4.30) പുറപ്പെടുന്ന ഒരു മെമു കണ്ണൂരിൽ രാവിലെ 9 ന് മുമ്പെത്തും. പിന്നെ പകൽ മുഴുവൻ വിശ്രമമാണ്. ഷൊർണൂരിലേക്കുള്ള മടക്കയാത്ര വൈകുന്നേരം അഞ്ചേ കാലിനും. കണ്ണൂരിലെ ഐലന്റ് പ്ലാറ്റ്‌ഫോമിൽ വെറുതെ നിർത്തിയിടുന്ന ഈ ട്രെയിനിനെ പകൽ സമയത്ത് കാസർകോട്ടേക്കോ തിരൂരിലേക്കോ സർവീസ് നടത്തിക്കാവുന്നതാണ്. 500 കിലോ മീറ്റർ ദൈർഘ്യമുള്ള വലിയ പട്ടണമാണ് കേരളമെന്നത്. രണ്ടു ജില്ല തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് പകൽ സമയത്ത് ഓരോ മണിക്കൂർ ഇടവിട്ട് മെമു സർവീസുകളേർപ്പെടുത്തിയാൽ സംസ്ഥാനത്തിന്റെ യാത്ര പ്രശ്‌നം തീരുമെന്നുറപ്പ്.