തിരുവനന്തപുരം - ഗവര്‍ണറെ പിന്തുണച്ച കെ സുധാകരന്റെ പ്രസ്താവന അത്ഭുതകരമാണെന്നും കാവിവത്കരണത്തെ സുധാകരന്‍ വെള്ളപൂശുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാവിവത്കരണത്തിന്റെ ഓഹരിപറ്റാന്‍ കോണ്‍ഗ്രസ് തയാറെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സുധാകരന്റെ സംഘ്പരിവാര്‍ അനുകൂല പ്രസ്താവനയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അതൃപ്തിയിലാണ്. പ്രസ്താവന സി.പി.എമ്മിന് ആയുധമായെന്നാണ് ഇവരുടെ വിമര്‍ശനം. സംഘ്പരിവാര്‍ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും നേതാക്കള്‍ പറയുന്നു. സെനറ്റില്‍ സംഘ്പരിവാറുകാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമര്‍ശനം.