കൊച്ചി - ഉണക്കാനിട്ട വസ്ത്രം എടുക്കനായി വീടിന്റെ ടെറസില്‍ എത്തിയ സീനയുടെ നോട്ടം ഒരു നിമിഷം വീടനടുത്ത് പൈലിംഗ് നട്ടിയ സ്ഥലത്തെ ചളിക്കുഴിയിലേക്ക് പോയില്ലായിരുന്നെങ്കില്‍ കമലാക്ഷി എന്ന വയോധിക ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. മൂന്നരമണിക്കൂറോളം നെഞ്ചോളം ചെളിയില്‍ മുങ്ങിയ മരട് കൂട്ടുങ്കല്‍ തിട്ടയില്‍ കമലാക്ഷിയെ (76) തൃപ്പൂണിത്തുറ അഗ്‌നി രക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ പകല്‍ പന്ത്രണ്ടോടെയാണ് കമലാക്ഷി മരട് സെന്റ് ആന്റണീസ് റോഡിനുസമീപത്തെ ചതുപ്പില്‍ ഇവര്‍ വീണത്. അയല്‍വാസി സീന ടെറസില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കാന്‍ വന്നപ്പോഴാണ് ചുവന്ന ബ്ലൗസ് ചതുപ്പില്‍ കണ്ടത്. ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് കൈ അനങ്ങുന്നത് കണ്ടത്. ബഹളംവച്ച് നാട്ടുകാരെ അറിയിച്ചു. ഉടന്‍ അഗ്‌നി രക്ഷാസേനയെത്തി. ചാഞ്ഞുകിടന്ന ശീമക്കൊന്ന ചില്ലയില്‍ പിടിത്തം കിട്ടിയതിനാലാണ് കൂടുതല്‍ ആഴത്തിലേക്ക് പോകാതിരുന്നത്. രക്ഷിക്കാന്‍ ശ്രമിച്ച അഗ്‌നി രക്ഷാസേനാംഗങ്ങളുടെ കാലുകള്‍ ചെളിയില്‍ താഴ്ന്നു. ഇതോടെ റോപ്പ്, സ്ട്രക്ചര്‍, ലാഡര്‍ എന്നിവ ഉപയോഗിച്ചാണ് കമലാക്ഷിയുടെ അടുത്തെത്താനായത്. മറ്റു പരിക്ക് ഇല്ലായിരുന്നെങ്കിലും ശബ്ദിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കമലാക്ഷി. പോലീസ് ഇവരെ മരട് പി എസ് എം ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് പി കെ സന്തോഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി വിനുരാജ്, സേനാംഗങ്ങളായ ബിനോയ് ചന്ദ്രന്‍, എം സി സിന്‍മോന്‍, പി ഐ അരുണ്‍ ഐസക്, സി വി വിപിന്‍, എസ് ശ്രീനാഥ്, ഹോംഗാര്‍ഡ് എം രജിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.