Sorry, you need to enable JavaScript to visit this website.

കേരളത്തിന് കൂടുതൽ സഹായവുമായി പ്രധാനമന്ത്രി

കൊച്ചി- പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്നു നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് മോഡിയുടെ പ്രഖ്യാപനം. നേരത്തെ അഞ്ഞൂറു കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചിരുന്നു. 
സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് യഥാസമയം നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക ക്യാംപുകളും നാശനഷ്ടം വിലയിരുത്തലും നടത്താൻ പ്രധാനമന്ത്രി ഇൻഷുറൻസ് കമ്പനികൾക്കു നിർദേശം നൽകി. ഫസൽ ബീമ യോജന പ്രകാരം കർഷകർക്കുള്ള ക്ലെയിമുകൾ എത്രയും വേഗം അനുവദിച്ചുനൽകാനും നിർദേശിച്ചിട്ടുണ്ട്. 
പ്രളയത്തിൽ തകർന്ന റോഡുകളിൽ പ്രധാന ദേശീയ പാതകൾ ആദ്യം നന്നാക്കാൻ ദേശീയ ഹൈവേ അതോറിറ്റിക്കു പ്രധാനമന്ത്രി നർദേശം നൽകി. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന ഗവൺമെന്റിന് ആവശ്യമായ സഹായം നൽകണമെന്ന് എൻ.ടി.പി.സി., പി.ജി.സി.ഐ.എൽ. തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീൺ ഭവന പദ്ധതിയിൽ ഊഴം കാത്തിരിക്കുന്നവരിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്കു മുൻഗണനാക്രമത്തിൽ വീടുകൾ അനുവദിക്കും. 
2018-19ലെ തൊഴിൽ ബജറ്റിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാന ദിനങ്ങൾ അനുവദിച്ചു. സംസ്ഥാന ഗവൺമെന്റ് ആവശ്യപ്പെടുന്നപക്ഷം ഇത് ഇനിയും വർധിപ്പിച്ചുനൽകും. 
തോട്ടക്കൃഷി നശിച്ച കർഷകർക്കു വീണ്ടും കൃഷി ആരംഭിക്കാൻ മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ പ്രകാരം സഹായം നൽകും. 
കേരളത്തിലെ പ്രളയസാഹചരം കേന്ദ്ര ഗവൺമെന്റ് ഗൗരവപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികൂലസാഹചര്യത്തെ നേരിടാൻ എല്ലാ സഹായവും സംസ്ഥാന ഗവൺമെന്റിനു നൽകിവരികയാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. 
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 2107-2018നു സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. കെ.ജെ.അൽഫോൻസിനൊപ്പം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ. കിരൺ റിജിജു ആലപ്പുഴയിലെയും കോട്ടയത്തെയും പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ദുരിതം അനൂഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
2018 ഓഗസ്റ്റ് 12നു കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ. കെ.ജെ.അൽഫോൻസിനും മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം പ്രളയവും ഉരുൾപൊട്ടലും ബാധിച്ച കേരളത്തിലെ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയിരുന്നു. കേന്ദ്ര, സംസ്ഥാന ഏജൻസികൾ ചേർന്നു നടത്തുന്ന സുരക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിലയിരുത്തിയിരുന്നു. ദേശീയ ദുരിതാശ്വാസ നിധിയിൽനിന്നു നൂറു കോടി രൂപയുടെ ധനസഹായം ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു. 
സംസ്ഥാന ഗവൺമെന്റ് 2107-2018നു നൽകിയ നിവേദനം പരിഗണിച്ച് 2018 ഓഗസ്റ്റ് ഏഴു മുതൽ 12 വരെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തിയിരുന്നു. 
1300 പേരും 435 ബോട്ടുകളും ഉൾപ്പെടുന്ന ദേശീയ ദുരന്തനിവാരണ സേനയുടെ 57 ടീമുകൾ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെയും സി.ഐ.എസ്.എഫിന്റെയും ആർ.എ.എഫിന്റെയും അഞ്ചു കമ്പനികളും കേരളത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു. 
കര, നാവിക, വ്യോമ സേനകളും തീരദേശ സംരക്ഷണ സേനയും കർമനിരതമാണ്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 38 ഹെലികോപ്റ്ററുകൾ അനുവദിച്ചിട്ടുണ്ട്. ആൾക്കാരെ കടത്തുന്നതിനായി 20 വിമാനങ്ങൾ വേറെയും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടിയ 790 പേർ ഉൾപ്പെടുന്ന പത്തു സംഘങ്ങളെയും പത്ത് എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. നാവികസേനയുടെ 82 സംഘങ്ങളാണു സജീവമായി പ്രവർത്തിച്ചുവരുന്നത്. തീരസംരക്ഷണ സേനയുടെ 42 സംഘങ്ങൾക്കൊപ്പം രണ്ടു ഹെലികോപ്റ്ററുകളും രണ്ടു കപ്പലുകളും വിട്ടുകൊടുത്തിട്ടുണ്ട്. 
ഓഗസ്റ്റ് ഒൻപതു മുതൽ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും നാവികസേനയും ചേർന്ന് 6714 പേരെ രക്ഷപ്പെടുത്തുകയും 891 പേർക്കു വൈദ്യസഹായം നൽകുകയും ചെയ്തു. 
അനിതരസാധാരണമായ സാഹചര്യം നേരിടുന്നതിനായി സംസ്ഥാന ഗവൺമെന്റ് നടത്തിവരുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാന ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്കു കേന്ദ്ര ഗവൺമെന്റ് തുടർന്നു പിൻതുണ നൽകും.
 

Latest News