ജിദ്ദ - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി നൽകുന്ന സേവനങ്ങളിലൂടെ 2,300 കോടിയിലേറെ റിയാൽ ലാഭിക്കാൻ സാധിച്ചതായി ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റി ഗവർണർ എൻജിനീയർ അഹ്മദ് അൽസുവയാൻ പറഞ്ഞു. സേവനങ്ങൾക്കു വേണ്ടി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്‌മെന്റുകളും വകുപ്പുകളും നേരിട്ട് സമീപിക്കേണ്ട ആവശ്യം അബ്ശിർ ഇല്ലാതാക്കിയതായി ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ പങ്കെടുത്ത് എൻജിനീയർ അഹ്മദ് അൽസുവയാൻ പറഞ്ഞു. ലൈസൻസ് നടപടിക്രമങ്ങൾക്ക് വേണ്ടിവരുന്ന സമയവും സർക്കാർ വകുപ്പുകളെ നേരിട്ട് സമീപിക്കേണ്ട ആവശ്യവും 95 ശതമാനം തോതിൽ കുറക്കാൻ അബ്ശിർ പ്ലാറ്റ്‌ഫോം സഹായിച്ചു.
വിദേശ മന്ത്രാലയത്തിൽ നിന്ന് വിസകൾ ഇഷ്യു ചെയ്യാനുള്ള കൂടിയ സമയം 60 സെക്കന്റ് ആയി ഇപ്പോൾ മാറി. നേരത്തെ ഇതിന് 48 മണിക്കൂർ എടുത്തിരുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖകളും ഓഫീസുകളും സന്ദർശിക്കേണ്ട ആവശ്യം 74 ശതമാനം തോതിൽ അബ്ശിർ കുറച്ചു. അടുത്ത വർഷം സേവനങ്ങൾക്ക് സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം തീരെ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. ഇഹ്‌സാൻ പ്ലാറ്റ്‌ഫോം വഴി 24 മണിക്കൂറിനിടെ 5,58,000 പേർ സംഭാവനകൾ നൽകി. ഇത് ലോക റെക്കോർഡ് ആണ്. സ്മാർട്ട് കൺട്രോൾ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ പ്രതിവർഷം 20 കോടിയിലേറെ റിയാൽ ലാഭിക്കാൻ സാധിക്കുന്നു. ജുഡീഷ്യൽ മേഖലയിൽ ഇപ്പോൾ വക്കാല ലഭിക്കാൻ മൂന്നു മിനിറ്റ് മാത്രം മതിയെന്നും എൻജിനീയർ അഹ്മദ് അൽസുവയാൻ പറഞ്ഞു.