Sorry, you need to enable JavaScript to visit this website.

ഉംറ കമ്പനികളെ ടൂറിസ്റ്റ് കമ്പനികളാക്കി മാറ്റുന്നു

മക്ക - ഉംറ സർവീസ് കമ്പനികളെ ക്രമാനുഗതമായി ടൂറിസ്റ്റ് കമ്പനികളാക്കി മാറ്റാൻ നീക്കം നടക്കുന്നു. തുടക്കത്തിൽ മുൻനിര ഉംറ കമ്പനികളെയാണ് ടൂറിസ്റ്റ് കമ്പനികളാക്കി മാറ്റുക. പിന്നീട് ഇടത്തരം കമ്പനികളെയും അവസാനം ചെറുകിട ഉംറ സർവീസ് സ്ഥാപനങ്ങളെയും ടൂറിസ്റ്റ് കമ്പനികളാക്കി മാറ്റും. തീർഥാടകർക്കുള്ള താമസസൗകര്യം, യാത്രാ സൗകര്യം, ടൂറിസം പ്രോഗ്രാം എന്നീ സേവനങ്ങൾ നൽകാൻ കമ്പനികൾ ബാധ്യസ്ഥമാകും. 
വിസകളിലെ കൃത്രിമങ്ങൾ തടയാൻ ഗ്രൗണ്ട് സർവീസ് എന്ന പേരിൽ സേവനങ്ങൾ നൽകുന്ന രീതി ഇല്ലാതാക്കും. ടൂറിസ്റ്റ് കമ്പനികളാക്കി മാറ്റുന്ന ഉംറ സർവീസ് കമ്പനികൾ തീർഥാടകർക്ക് സംയോജിത സേവനങ്ങളും ടൂറിസം സേവനങ്ങളും നൽകേണ്ടിവരും. സേവനങ്ങൾ നൽകാതെയും പ്രോഗ്രാമുകൾ നടപ്പാക്കാതെയും വിസ മാത്രം നൽകുന്ന കമ്പനികൾക്ക് പിഴ ചുമത്തും. സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലെ പങ്കാളിത്തം കൈവരിക്കലും, തീർഥാടകരുടെ അനുഭവം സമ്പന്നമാക്കുന്നതിന് ഉംറ പരിപാടികളിൽ മാത്രം ഒതുങ്ങാതെ ആഭ്യന്തര ടൂറിസം പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഉംറ സർവീസ് കമ്പനികളുടെ പ്രവർത്തനം വിപുലീകരിക്കലുമാണ് ആത്യന്തിക ലക്ഷ്യമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. 
കഴിഞ്ഞ വർഷം 2,47,15,307 പേർ ഉംറ കർമം നിർവഹിച്ചിരുന്നു. ഇക്കൂട്ടത്തിൽ 95,17,829 പേർ ഒരു തവണ മാത്രമാണ് ഉംറ കർമം നിർവഹിച്ചത്. കഴിഞ്ഞ കൊല്ലം വിദേശങ്ങളിൽ നിന്ന് 83,72,429 ഉംറ തീർഥാടകർ എത്തി. ഇക്കൂട്ടത്തിൽ 37,00,785 പേർ (44.2 ശതമാനം) പുരുഷന്മാരും 46,71,644 പേർ (55.8 ശതമാനം) വനിതകളുമായിരുന്നു. സൗദി അറേബ്യക്കകത്തു നിന്നുള്ള 1,63,42,878 പേരും കഴിഞ്ഞ വർഷം ഉംറ നിർവഹിച്ചു. ഇക്കൂട്ടത്തിൽ 66,42,881 പേർ (40.65 ശതമാനം) സൗദികളും 96,99,997 പേർ (59.35 ശതമാനം) വിദേശികളുമായിരുന്നു.
 

Latest News