പത്രപ്രവർത്തകരുടെ ജീവിതം അടയാളപ്പെടേണ്ടത് ബഹളമയമായ ഇടപെടലുകളിലല്ല എന്ന് തെളിയിച്ച പത്രപ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം നവതി കഴിഞ്ഞ പ്രായത്തിൽ വിട പറഞ്ഞ പി. അരവിന്ദാക്ഷൻ. ഒച്ചയും ബഹളവും ധാരാളം, കാമ്പുള്ളതൊന്നുമില്ല എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നില്ല അരവിന്ദാക്ഷന്റെ എഴുത്തും ജീവിതവും. അപഗ്രഥിച്ച് എഴുതുന്ന രാഷ്ട്രീയ റിപ്പോർട്ടുകൾ വളരെ വേഗത്തിൽ യാഥാർഥ്യമായി വന്നു.
രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം ആഴത്തിലുള്ളതായിരുന്നു. ആരുമായും അദ്ദേഹം കലഹിച്ചില്ല. മാന്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുടെയും സ്‌നേഹം ആർജിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ പറഞ്ഞതൊക്കെ സഹജമായിരുന്നു- അതിനും വേണം ഭാഗ്യം. കെ. കരുണാകരനോടും ഇ.കെ. നായനാരോടും ഒരേ മട്ടിൽ ബന്ധം നിലനിർത്തിയയാൾ.
ഈ ബന്ധങ്ങൾ പത്രപ്രവർത്തന മൂല്യങ്ങൾക്ക് നിരക്കാത്തവിധം ഉപയോഗിക്കാൻ മഹനീയമായ കുലീന കാലം പഠിപ്പിച്ച പത്രപ്രവർത്തനം അദ്ദേഹത്തെയും അനുവദിച്ചിരുന്നില്ല. ഇ. അഹമ്മദുമായി ഉണ്ടായിരുന്നത് വളരെ അടുത്ത ബന്ധമായിരുന്നു. കഴിവുള്ള പത്രപ്രവർത്തകരെ തിരിച്ചറിയാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് അരവിന്ദാക്ഷനുമായുള്ള ഇ. അഹമ്മദിന്റെ ബന്ധം രൂഢമൂലമായത്. കോഴിക്കോട്ട് ജോലി ചെയ്തത് കാരണമാകാം മതന്യൂനപക്ഷ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. ലീഗ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന വാർത്തകളിൽ ഈ ബോധ്യത്തിന്റെ ഗുണഫലം പ്രകടമായി. ലീഗിന്റെ ചരിത്രവും രീതികളും നന്നായറിഞ്ഞ പത്രക്കാരിൽ ഒരാൾ. അത്തരത്തിൽ ഒരാളായിരുന്നു കോഴിക്കോട്ട് കേരള കൗമുദിയുടെ പ്രതിനിധിയായിരുന്ന പി.ഡി. ദാമോദരൻ. അദ്ദേഹവും ഇന്നില്ല.
തലയെടുപ്പിനൊപ്പം സ്വഭാവ ഔന്നത്യവുമുണ്ടായിരുന്ന പത്രക്കാരുടെ വലിയ നിര തന്നെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കാലത്ത് തലസ്ഥാനത്തുമുണ്ടായിരുന്നു. അവരിൽ പലരും ഇന്നില്ല. എല്ലാവരും അേദ്ദ ഹത്തെ ആദരപൂർവം കണ്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ സാരഥ്യത്തിലുണ്ടായിരുന്ന കാലത്ത് ക്ലബിന്റെ പുരോഗതിക്കാവശ്യമായ ഒട്ടനവധി കാര്യങ്ങൾക്ക് അദ്ദേഹം അടിത്തറയിട്ടിരുന്നു. പത്രപ്രവർത്തക യൂനിയനിലും അദ്ദേഹം സജീവമായിരുന്നു. അങ്ങനെയാണ് യൂനിയന്റെ ഭാഗമായ കോഴിക്കോട് പ്രസ് ക്ലബിന്റെ നേതൃസ്ഥാനത്തെത്തിയത്.
ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയ പത്രപ്രവർത്തകർ വിരളമായിരിക്കും. ഇന്ത്യൻ എക്‌സ്പ്രസായിരുന്നു അരവിന്ദാക്ഷന്റെ ആദ്യപ്രവർത്തന ഇടം. ഇന്ത്യൻ എക്‌സ്പ്രസിനു വേണ്ടി അദ്ദേഹം നിയമസഭ അവലോകനം എഴുതിയിരുന്നു. സഭയിൽ നടന്ന സംഭവങ്ങളുടെ വിവരണമായിരുന്നില്ല ആ അവലോകന കുറിപ്പുകൾ.
പല തലത്തിലേക്ക് വികസിക്കുന്ന രാഷ്ട്രീയ പീസുകളായി അവ മാറി. ഇന്നാരെയാണ് ഉദ്ധരിക്കുന്നത് ഷേക്‌സ്പിയറിനെയോ, അതോ, ഷെല്ലിയെയോ, അതല്ല കുമാരനാശാൻ മതിയോ എന്ന മട്ട്. സമാനമായ അവലോകനം എഴുതിയിരുന്നത് തൃശൂർ എക്‌സ്പ്രസിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ടി.ഒ. ചെറുവത്തൂരായിരുന്നു.
അദ്ദേഹവും ജന്മം കൊണ്ട് തൃശൂർ ജില്ലക്കാരൻ. ഇവർ രണ്ടുപേരും എഴുതുന്ന നിയമസഭ കുറിപ്പുകൾ അടുത്ത ദിവസം വലിയ ആകാംക്ഷയോടെയായിരുന്നു ശ്രദ്ധിച്ചത്. ഇതെഴുതുന്നയാളും അന്ന് നിയമസഭ കുറിപ്പുകൾ എഴുതിയിരുന്നു. എന്തായിരിക്കും അരവിന്ദാക്ഷൻ സാർ അടുത്ത ദിവസത്തേക്ക് എഴുതിയിട്ടുണ്ടാവുക എന്ന ചിന്ത സ്വന്തം കുറിപ്പിലും കൂടുതൽ ശ്രദ്ധിക്കാൻ പ്രേരണ നൽകുക സ്വാഭാവികം. സർഗ പരമായ കഴിവുകൾ കൊണ്ട് തോൽപിക്കപ്പെടുന്നത് പോലെ മധുരതരമായ മറ്റൊരനുഭവമുണ്ടാകില്ല. പഴയ നിയമസഭയിൽ അടുത്തടുത്തായിരുന്നു ഞങ്ങളിരുന്നത്. അദ്ദേഹം ഇരിക്കുന്ന മൂല വി.പി. മാധവൻ നായരുടെയും (മാധവണ്ണൻ) ഇരിപ്പിടമായിരുന്നു.
എല്ലാ നേതാക്കളും ഒന്ന് മുഖം കാണിച്ച് പോകും. അത്രക്ക് അടുപ്പമായിരുന്നു അന്ന് സാമാജികരും പത്രക്കാരും തമ്മിൽ. നിയമസഭയെഴുത്തിന്റെ വിഷയം സമാനമായി വരുന്ന ദിവസം അദ്ദേഹവുമായി ആ കാര്യം സന്തോഷ പൂർവം പങ്കുവെക്കുമ്പോൾ മുഖത്ത് വിരിയുന്ന സന്തോഷം വിവരിക്കാനാകില്ല. അതെ, അങ്ങനെയും കുറെ മനുഷ്യരുണ്ടായിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിൽ നിന്ന് ദ വീക്ക് വാരികയിലേക്ക് അദ്ദേഹം മാറുന്നതറിഞ്ഞപ്പോൾ അതെന്തിനാണെന്ന് അന്ന് ശങ്കിച്ചിരുന്നു- ചോദിക്കുകയും ചെയ്തു. എക്‌സ്പ്രസിന് പഞ്ചാബിലും ബ്യൂറോ ഉണ്ടെന്നറിയാമോ എന്ന മറുചോദ്യത്തിൽ അദ്ദേഹം മാറുന്നതിന്റെ കാരണമുണ്ടായിരുന്നു- എക്‌സ്പ്രസിന്റെ മാനേജ്‌മെന്റ് അവസ്ഥകളിലെ മാറ്റമായിരുന്നിരിക്കാം അത്.
മലയാളത്തിലും സംഭാവന നൽകാൻ ഈ മാറ്റം സഹായിച്ചു. ദ വീക്കിന്റെ ലേഖകനായിരിക്കേ ഗൾഫ് പ്രവാസികളുടെ ഭവന നിർമാണ ധൂർത്ത് പരാമർശിച്ചുകൊണ്ടെഴുതിയ ഫീച്ചർ പത്രത്തിലും വേണമെന്നാവശ്യപ്പെട്ടപ്പോൾ അത് ഇംഗ്ലീഷിലെഴുതുന്നതിന് പകരം മലയാളത്തിൽ തന്നെ എഴുതിയയച്ചു - അവിടെ അദ്ദേഹത്തിന്റെ മലയാള പത്രപ്രവർത്തനം തുടങ്ങുകയായിരുന്നു.
ദ വീക്ക് ഇംഗ്ലീഷ് വാരികയുടെ സീനിയർ എഡിറ്ററായും മലയാള മനോരമ തിരുവനന്തപുരം റസിഡന്റ്് എഡിറ്ററായും പിന്നീടദ്ദേഹം പ്രവർത്തിച്ചു. കെ.ആർ. ചുമ്മാർ മലയാള മനോരമയിൽ ശ്രീലൻ എന്ന പേരിൽ എഴുതിക്കൊണ്ടിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ ആഴ്ചക്കുറിപ്പിന് പാർഥൻ എന്ന് പേരിടാൻ ഇംഗ്ലീഷ് പത്രപ്രവർത്തനം അദ്ദേഹത്തിന് തടസ്സമായില്ല- നന്നായി മലയാളവും അറിഞ്ഞതിന്റെ ഗുണം. മകൻ ജയൻ മേനോനാണ് (ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ബ്യൂറോ ചീഫ്) അദ്ദേഹത്തിന്റെ പിൻഗാമിയായി മാധ്യമ രംഗത്തുള്ളത്.
ഇന്ത്യൻ റെയിൽവേ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ തൊഴിലിടം- ആ കാലത്ത് കുറ്റമറ്റ നിലയിൽ നിയമനം നടക്കുന്ന കേന്ദ്ര സ്ഥാപനം. അത്തരം നിയമനങ്ങളിൽ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന കൃത്യതയും ശ്രദ്ധയും അവരുടെ ഗുണ നിലവാരത്തിലും കാണുക സ്വാഭാവികം.
റെയിൽവേയിൽ നിന്ന് വന്ന് എഴുത്തിന്റെ ലോകത്ത് ശ്രദ്ധ നേടിയ ടി.ഡി. രാമകൃഷ്ണൻ, വൈശാഖൻ .... അങ്ങനെ എത്രയോ പേർ. അറബ് ന്യൂസിന്റെ എഡിറ്റ് പേജ് എത്രയോ വർഷങ്ങൾ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്ത പി.കെ. മുഹമ്മദ് (പ്രമുഖ സലഫി പണ്ഡിതൻ പി.കെ. മൂസ മൗലവിയുടെ മകൻ) ഇന്ത്യൻ റെയിൽവേയുടെ സംഭാവനയായിരുന്നു. എന്തിനധികം മലയാളം ന്യൂസിനെ ഇന്ന് കാണും വിധം രൂപീകരിച്ചെടുത്ത എ.എം. പക്കർ കോയയും ഒരു കേന്ദ്ര സർവീസുകാരനായിരുന്നു -പി.ഐ.ബി ജി. ശങ്കരക്കുറുപ്പിന്റെ മകളെ പോലും പിൻതള്ളി സർവീസിൽ കയറിയ ആൾ.
പി. അരവിന്ദാക്ഷൻ എങ്ങനെ വേറിട്ട വ്യക്തിത്വമായി ജയിച്ചു നിന്നു എന്ന് ഈ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാകും. കഴിവുകൾ കുറ്റമറ്റ നിലയിൽ അംഗീകരിക്കപ്പെട്ട ശേഷം ലഭിക്കുന്ന പദവികൾ അർഹതയുടെ അംഗീകാരമാണ്. അങ്ങനെയുള്ള ആളുകൾ അവർ ജീവിച്ച കാലത്ത് വിജയികളാകുന്നത് സ്വാഭാവികം.