Sorry, you need to enable JavaScript to visit this website.

മിഠായിതെരുവിലെ ഗവർണർ

മൂന്നു ദിവസത്തെ സംഭവബഹുലമായ മലബാർ സന്ദർശനത്തിന് ശേഷം ഗവർണർ തലസ്ഥാനത്തേക്ക് മടങ്ങി. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായ ശേഷം നിരവധി തവണ വടക്കൻ കേരളത്തിൽ എത്തിയിട്ടുണ്ട്. മുമ്പ് കണ്ണൂർ സർവകലാശാലയിൽ കടുത്ത എതിർപ്പുകൾക്കിടയിൽ നിന്ന് പോർവിളി നടത്തിയ ഗവർണർക്ക്, അതിന് ശേഷം ഇപ്പോഴാണ് കൂടുതൽ ഉച്ചത്തിൽ പോർവിളിക്കേണ്ടി വന്നത്. ആരിഫ് മുഹമ്മദ് ഖാന്റെ മലബാർ സന്ദർശനം ഈയിടെയായി സംഘർഷ ഭരിതമാണ്.
കാലിക്കറ്റ് സർവകലാശാലയിൽ, ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ഗവർണർ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതു തന്നെ വെല്ലുവിളികളുമായാണ്. 
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ, ആ സ്ഥാപനങ്ങളുടെ ഭരണ സമിതികളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ ഇടപെടലുകളാണ്, വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് ഗവർണറും ഇടതു സർക്കാരും തമ്മിലുള്ള തർക്കം. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ഒപ്പിടാതെ പിടിച്ചുവെച്ച് വൈകിപ്പുക്കുന്നുവെന്ന ഭരണപരവും അത്യന്തം ഗൗരവതരവുമായ പ്രശ്്‌നങ്ങൾ പൊതുവായി നിലനിൽക്കുന്നുമുണ്ട്. 
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് ഇടതുപക്ഷത്തിന്റെ വിമർശനം. അടുത്തിടെ കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ള ഏതാനും പേരെ ഗവർണർ തിരുകിക്കയറ്റിയതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്. 

സംസ്ഥാനങ്ങളിലെത്തുന്ന ഗവർണർമാർ വിരുദ്ധ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സംഘർഷത്തിന് ശ്രമിച്ചാൽ അത് സംസ്ഥാനങ്ങളുടെ ഭരണങ്ങളെ വരെ പ്രതികൂലമായി ബാധിക്കും. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ വെച്ച് താമസിപ്പിക്കുമ്പോൾ ദുരിതത്തിലാകുന്നത് സർക്കാരല്ല, മറിച്ച് ജനങ്ങളാണ്. അവരുടെ ജീവൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളാണ് നടപ്പാകാൻ വൈകുന്നത്.

ഇതിന്റെ പ്രതിഷേധമെന്നോണം എസ്.എഫ്.ഐ പ്രവർത്തകർ ഏറെ നാളായി ഗവർണർക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് ഗവർണറുടെ വാഹനം അവർ തടഞ്ഞതും ഗവർണർ റോഡിലിറങ്ങി പോർവിളി നടത്തിയതുമൊക്കെ കഴിഞ്ഞ ദിവസങ്ങളിലെ ചരിത്രം.
കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുക്കാൻ ഗവർണർ മൂന്നു ദിവസം മുമ്പെ തന്നെ തേഞ്ഞിപ്പലത്തെ കാമ്പസിൽ എത്തി. അതും ഒരു വെല്ലുവിളിയായിരുന്നു. തന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ താൻ താമസിക്കുന്നത് തടയാൻ ധൈര്യമുള്ളവരുണ്ടെങ്കിൽ കാണട്ടെയെന്ന വെല്ലുവിളി. 
സർവകലാശാലയിൽ ഗസ്റ്റ് ഹൗസിൽ താമസം തുടങ്ങിയ ഗവർണർക്ക് എസ്.എഫ്.ഐക്കാരുടെ പ്രതിഷേധമാണ് കാണാൻ സാധിച്ചത്. ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിലെല്ലാം ഗവർണർക്കെതിരായ കൂറ്റൻ ബാനറുകൾ. ഇത് കണ്ട് കലിതുള്ളി ഗവർണർ അതെല്ലാം നീക്കം ചെയ്യാൻ പോലീസിനോട് പറയുന്നു. 
പോലീസ് രാത്രിയിൽ തന്നെ ഏറെക്കുറെ എല്ലാം നീക്കി. എന്നാൽ പിറ്റേന്ന് അതിനേക്കാൾ വലിയ ബാനറുകളാണ് കാമ്പസിൽ ഉയർന്നത്. ഇതോടെ നിയന്ത്രണം വിട്ട ഗവർണർ റോഡിലേക്കിറങ്ങി കോപാകുലനായി. തനിക്കെതിരായ ബാനർ വെക്കാൻ അനുമതി നൽകിയതിന് വൈസ് ചാൻസലറോട് വിശദീകരണം തേടാൻ, മാധ്യമങ്ങൾക്ക് മുന്നിൽ നിന്നു കൊണ്ട് അദ്ദേഹം തിരുവനന്തപുരത്തെ രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടിനെ വിളിച്ചും കുറെ ചീത്ത പറഞ്ഞു. ഇതൊന്നും എസ്.എഫ്.ഐക്കാരെ പിന്തിരിപ്പിച്ചില്ല. അവർ പ്രതിഷേധം തുടർന്നുകൊണ്ടിരുന്നു. രണ്ടാം ദിവസം ഗവർണർ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോവുന്നതിനാൽ പ്രതിഷേധം തണുപ്പിച്ചു. 
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഗവർണർ പോയത്.
മൂന്നാം ദിവസത്തിൽ ഗവർണർ നാടകീയമായ ചില നീക്കങ്ങളാണ് നടത്തിയത്. രാവിലെ കോഴിക്കോട്ടെ പ്രസിദ്ധമായ മിഠായിതെരുവിലെത്തിയ അദ്ദേഹം കാറിൽ നിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് നടക്കുകയാണ്. അര മണിക്കൂർ സമയം മിഠായിതെരുവ് കണ്ടത് ആരിഫ് മുഹമ്മദ് ഖാൻ എന്ന പഴയ കോൺഗ്രസ് നേതാവിന്റെ പൊളിറ്റിക്കൽ ഷോ ആണ്. അവിടെ അദ്ദേഹം ജനങ്ങളെ കാണുന്നു, കുശലം ചോദിക്കുന്നു, കുട്ടികളെ എടുക്കുന്നു, മുത്തം കൊടുക്കുന്നു, ഹൽവ കടകളിൽ കയറുന്നു, മധുരപലഹാരങ്ങൾ വാങ്ങി കഴിക്കുന്നു....ഏതാണ്ടൊരു 
തെരഞ്ഞെടുപ്പുകാല പ്രതീതിയായിരുന്നു മിഠായിതെരുവിൽ. സ്ഥാനാർഥികൾ വോട്ട് ചോദിച്ചു വരുന്ന പോലൊരു ഷോ. അര മണിക്കൂറിന് ശേഷം അദ്ദേഹം മടങ്ങിയത് കാലിക്കറ്റ് സർവകലാശാലയിലേക്ക് തന്നെ. അവിടെ വെച്ച് തന്റെ മിഠായി തെരുവ് സന്ദർശനത്തിന്റെ ഉദ്ദേശ്യം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ജനങ്ങൾക്കിടയിലായിരുന്നെന്നും ഒരാളും തനിക്കെതിരെ അവിടെ പ്രതിഷേധിച്ചില്ലെന്നും സർവകലാശാലയിൽ നടക്കുന്നത് സി.പി.എം സ്‌പോൺസർ ചെയ്ത എസ്.എഫ്.ഐ 'ക്രിമിനലു'കളുടെ ഗൂഢാലോചനയാണെന്നും ഗവർണർ പറഞ്ഞുവെച്ചു. ഇടക്കു കയറി, ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് 'ഗെറ്റ് ലോസ്റ്റ്'  എന്ന് പറഞ്ഞാണ് ഗവർണർ സ്ഥലം വിട്ടത്. ഏതാണ്ട് മുഖ്യമന്ത്രി പണറായി വിജയൻ മുമ്പ് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് 'കടക്ക് പുറത്ത്' എന്നതു പോലൊരു ഡയലോഗ്. അധികാര സ്ഥാനങ്ങളിലിരിക്കുന്നവർ ഉത്തരം മുട്ടുമ്പോൾ മാധ്യമ പ്രവർത്തകരോട് കയർക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്.
ഗവർണറുടെ കോഴിക്കോട് ഷോ, കേരള രാഷ്ട്രീയത്തിന്റെ വിപ്ലവ സ്വഭാവത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ്. അനീതിയോട് രാജിയാകാത്ത തലമുറകളാണ് കേരള രാഷ്ട്രീയത്തിൽ എന്നുമുണ്ടായിട്ടുള്ളതെന്ന് പഴയ കോൺഗ്രസ് ദേശീയ നേതാവായ ആരിഫ് മുഹമ്മദ് ഖാൻ മറന്നു പോകുന്നു. 
അല്ലെങ്കിൽ, അധികാരത്തിലുള്ളവർ ചെയ്യുന്ന എന്തു കാര്യത്തെയും എതിർക്കാതെ ജീവിക്കുന്ന വടക്കേ ഇന്ത്യയിലെ ജനങ്ങളുടെ രീതി അദ്ദേഹം ഇവിടെയും പ്രതീക്ഷിക്കുന്നു. പ്രതിഷേധത്തിന്റെ ബാനറുകൾ ലോകത്താകമാനം സമരായധുമാണെന്ന് ഖാന് അറിയാഞ്ഞിട്ടല്ല. തനിക്കെതിരെ അതുയരുമ്പോൾ ഏതൊരു ഭരണാധികാരിക്കുമുണ്ടാകുന്ന അസഹിഷ്ണുതയാണ് കേരള ഗവർണറിലും കാണുന്നത്. സംസ്ഥാന ഗവർണർ രാഷ്ട്രീയം കളിക്കാനിറങ്ങുമ്പോൾ, പ്രതിഷേധത്തിന്റെ അടിസ്ഥാന രീതികളെങ്കിലും തിരിച്ചറിയണം. ബാനറുകളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തിന്റെ ചെറിയ ആയുധങ്ങളാണെന്ന് കേരളത്തിലെ സ്‌കൂൾ വിദ്യാർഥികൾക്ക് പോലും അറിയാം.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരിക്കേണ്ടതുണ്ട്. പ്രസിഡന്റിന്റെ പ്രതിനിധിയായി സംസ്ഥാനങ്ങളിലെത്തുന്ന ഗവർണർമാർ വിരുദ്ധ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സംഘർഷത്തിന് ശ്രമിച്ചാൽ അത് സംസ്ഥാനങ്ങളുടെ ഭരണത്തെ വരെ പ്രതികൂലമായി ബാധിക്കും. 
കേരള നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ വെച്ച് താമസിപ്പിക്കുമ്പോൾ ദുരിതത്തിലാകുന്നത് സർക്കാരല്ല, മറിച്ച് ജനങ്ങളാണ്. അവരുടെ ജീവൽപ്രശ്്‌നങ്ങളുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങളാണ് നടപ്പാകാൻ വൈകുന്നത്. 
നിയമ വിരുദ്ധമായി സർക്കാർ നടത്തുന്ന കാര്യങ്ങളെ എതിർക്കുകയെന്നത് ഗവർണറുടെ ജോലിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ രാഷ്ട്രീയ വൈരം വെച്ച് അകാരണമായി സംസ്ഥാനത്തിന്റെ ഭരണത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നത് എതിർപ്പുകൾ വിളിച്ചു വരുത്തും. വിദ്യാർഥികളുടെ സമരം അതിന്റെ തുടക്കം മാത്രമാകാം.

Latest News