പാലക്കാട്- രണ്ട് കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവിന് പുതുതായി തുറന്ന ലുലു മാളില്‍ ജോലി ഉറപ്പു നല്‍കുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസുഫലിയുടെ വീഡിയോ ആഘോഷിച്ച് സമൂഹ മാധ്യമങ്ങള്‍.
എത്രയും പെട്ടെന്ന് പ്രണവിന് അനുയോജ്യമായ ജോലി നല്‍കണമെന്നും അടുത്ത തവണ വരുമ്പോള്‍ പ്രണവ് ഇവിടെ ജോലി ചെയ്യുന്നുണ്ടാകണമെന്നും മാനേജര്‍ക്ക് നിര്‍ദേശം നല്‍കുന്ന വീഡിയോ ആണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി ഷെയര്‍ ചെയ്തത്.
എങ്ങോട്ട് തിരഞ്ഞാലും വെറുപ്പ് മാത്രം പരത്തുന്ന ഈ കാലത്ത് എത്ര മാത്രം ഹൃദയം കവരുന്നു ഈ കാഴ്ചയെന്നാണ് എഴുത്തുകാരി സബീന എം സാലി വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കുറിച്ചത്.
പാലക്കാട് ലുലു മാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാനാണ് കാലു കൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവുമായി പ്രണവ് എത്തിയത്. പിന്നീട് കാലുകളുപയോഗിച്ച് യൂസഫലിയുടെ കൂടെ സെല്‍ഫിയുമെടുത്തു. ഇതിന് ശേഷം തനിക്ക് സാറില്‍ നിന്നൊരു സഹായം വേണമെന്ന് യുവാവ് യൂസഫലിയോട് ആവശ്യപ്പെടുകയായിരുന്നു. എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, എനിക്കൊരു ജോലിയില്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നും ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാനെന്നും പറഞ്ഞു കണ്ഠമിടറിയപ്പോള്‍ പ്രണവിനെ ചേര്‍ത്തു പിടിച്ച് യൂസഫലി ആശ്വസിപ്പിക്കുകയും എന്ത് ജോലിയാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു.
എന്തു ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നായി പ്രണവ്. ഉടന്‍ തന്റെ മാനേജറെ വിളിച്ച് പ്രണവിന് ചെയ്യാന്‍ കഴിയുന്ന എന്ത് ജോലിയും നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അടുത്ത പ്രാവശ്യം താന്‍ വരുമ്പോള്‍ പ്രണവ് ഇവിടെ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ കണ്ണ് നനയിച്ച ഈ രംഗങ്ങള്‍ക്ക് ശേഷം കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രം പ്രണവ് യൂസഫലിക്ക് സമ്മാനിച്ചു.